എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാതെ പോലീസ്; മറുപടി ഇങ്ങനെ... മുഖ്യമന്ത്രിയെ സമീപിച്ച് യൂത്ത് ലീഗ്
മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കാതെ തിരൂരങ്ങാടി പോലീസ്. യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് തിരൂരങ്ങാടി പോലീസ് രേഖാമൂലം മറുപടി നല്‍കി. മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ല്യാരെയും വര്‍ഗീയ നേതാക്കളായി ചിത്രീകരിച്ച അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയാണ് പരാതിക്ക് കാരണം.
തിരൂരങ്ങാടി കേന്ദ്രമായി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചവരായിരുന്നു ആലി മുസ്ല്യാരും വാരിയംകുന്നനുമടക്കമുള്ളവര്‍. കേസെടുക്കാന്‍ പറ്റില്ലെന്ന് പോലീസ് യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബുധനാഴ്ചയാണ് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി തിരൂരങ്ങാടി പോലീസില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയത്. പരിശോധിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതുപ്രകാരം യൂത്ത് ലീഗ് നേതാക്കള്‍ക്ക് പോലീസ് പിന്നീട് മറുപടി നല്‍കി. പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയുടെ ഉള്ളടക്കം.

അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ല. സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. കോടതി നിര്‍ദേശ പ്രകാരം പോലീസിന് ഇടപെടാമെന്നും തിരൂരങ്ങാടി പോലീസ് യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചു. തിരൂരങ്ങാടി സിഐ സന്ദീപ് കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയ കലാപത്തിനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചതെന്നും മതസ്പര്‍ദ്ദ വളര്‍ത്തുന്നതിന് കേസെടുക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പോലീസിന് തന്നെ കേസെടുക്കാന്‍ സാധിക്കുമെന്നാണ് യൂത്ത് ലീഗ് നേതൃത്വത്തിന് ലഭിച്ച നിയമോപദേശം എന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി യുഎ റസാഖ് പറഞ്ഞു.
ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

തിരൂരങ്ങാടി പോലീസ് കേസെടുക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കി. ഈ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരിക്കുകയാണ് മുഖ്യമന്ത്രി. അതേസമയം, തിരൂരങ്ങാടി പോലീസിന് പരാതി നല്‍കിയതിനൊപ്പം മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല എന്നാണ് വിവരം.

ധീര ദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച അദ്ദേഹത്തെ അപമാനിച്ചു. അവര്‍ സമര നേതാക്കളും ഒപ്പം മത പണ്ഡിതരും ആയിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചത്. അബ്ദുള്ളക്കുട്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണ് ചെയ്തത്- ഇതായിരുന്നു യൂത്ത് ലീഗ് നല്‍കിയ പരാതിയുടെ ഉള്ളടക്കം.

വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു. കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകമുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. 1921ല്‍ നടന്നത് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണമായിരുന്നു. സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് എനിക്ക് പറയാനുള്ളത് ഇഎംഎസിന്റെ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം വായിക്കണം. ഇഎംഎസിന്റെ കുടുംബം പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നു- അബ്ദുള്ളക്കുട്ടിയുടെ പ്രതികരണത്തിലെ വിവാദ ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

അതേസമയം, എപി അബ്ദുള്ളക്കുട്ടിക്കെതിരെ ജമാഅത്തെ ഇസ്ലാമി ഡിജിപിക്ക് പരാതി നല്‍കി. വസ്തുത വിരുദ്ധമായായ പ്രസ്താവന നടത്തി വിവിധ മതക്കാര്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചുവെന്നാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വാരിയംകുന്നനെതിരായ പ്രതികരണത്തിന് പുറമെ, ജമാഅത്തെ ഇസ്ലാമിക്കെതിരെയും അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications