സുരേഷ് ഗോപിക്ക് കൊടുത്ത സമ്മാനം വെളിപ്പെടുത്തി ടിഎന്‍ പ്രതാപന്‍; മോഹന്‍ലാലും അമ്മയും വന്ന പരിപാടി...
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലം ഇത്തവണ ശക്തമായ ത്രികോണ മല്‍സരത്തിനാണ് ഒരുങ്ങുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി ടിഎന്‍ പ്രതാപന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയുടെ വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് കളത്തിലിറങ്ങുക എന്നാണ് ഇതുവരെയുള്ള വിവരം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരമാണ് കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമെല്ലാം തൃശൂരില്‍ ആഴ്ചകള്‍ക്ക് മുമ്പേ എത്തിയത് മണ്ഡലത്തിന് ബിജെപി നല്‍കുന്ന പ്രാധാന്യമാണ് കാണിക്കുന്നത്.

മൂന്ന് പ്രമുഖര്‍ മല്‍സരിക്കുന്ന മണ്ഡലമായതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂര്‍ തന്നെയാകും കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം. ടിഎന്‍ പ്രതാപനും വിഎസ് സുനില്‍ കുമാറും മല്‍സരിച്ചാല്‍ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കളമൊരുങ്ങുകയും ചെയ്യുമെന്ന നിരീക്ഷണവുമുണ്ട്. അതിനിടെയാണ് സുരേഷ് ഗോപിക്ക് തിരിച്ചടിയായി ചില നേതാക്കളുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനയുണ്ടായത്.
ഈ പ്രസ്താവന തന്നെയാണ് കോണ്‍ഗ്രസും സിപിഐയും തൃശൂരില്‍ പ്രധാന ആയുധമാക്കുന്നത്. പള്ളികളിലും ചര്‍ച്ചുകളിലും അവകാശവാദമുന്നയിക്കാന്‍ ആരെയും അനുവദിക്കരുത് എന്ന് ഇരുപാര്‍ട്ടികളും പറയുന്നു. പാലയൂര്‍ പള്ളിയും പുത്തന്‍പള്ളിയും സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. പഴപ്പായസം ഒഴുക്കിയാലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമാ നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയോടുള്ള ഇഷ്ടവും താല്‍പ്പര്യവും പ്രതാപന്‍ എടുത്തു പറഞ്ഞു. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് അടുത്ത ബന്ധമാണ്. സുരേഷ് ഗോപിയോടും ഇഷ്ടമാണ്. അദ്ദേഹം ഹോളിവുഡ് നടനാകണം എന്നാണ് ആഗ്രഹം. ഒരു നടന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള വ്യക്തിയാണ് സുരേഷ് ഗോപി എന്നും പ്രതാപന്‍ പറഞ്ഞു.
തന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് മമ്മൂട്ടിയാണ്. സ്‌നേഹതീരം പരിപാടിയില്‍ മോഹന്‍ലാലും അമ്മയും വന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണ്. ആദ്യമായിട്ടാണ് മോഹന്‍ലാലിന്റെ അമ്മ പൊതുവേദിയില്‍ മോഹന്‍ലാലിനൊപ്പം വന്നത്. ഏത് പരിപാടിക്ക് താന്‍ വിളിച്ചാലും മമ്മൂട്ടി വരാറുണ്ട്. സുരേഷ് ഗോപിയുമായും വളരെ അടുപ്പമുണ്ടെന്ന് പ്രതാപന്‍ പറഞ്ഞു.
നാട്ടിക എംഎല്‍എ ആയിരിക്കുമ്പോള്‍ സുരേഷ് ഗോപിയെ ഞാന്‍ ഒരു പരിപാടിക്ക് കൊണ്ടുവന്നു. നല്ല ചെണ്ട വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടന്‍മാരാരെ കൊണ്ട് എല്ലാം തികഞ്ഞ ചെണ്ടയുണ്ടാക്കി സമ്മാനിച്ചു. കലാകാരന്‍മാരോട് എനിക്ക് ബഹുമാനമാണ്. കലാകാരനായ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് ഇനിയും വലിയ പുരസ്‌കാരങ്ങള്‍ കിട്ടട്ടെ എന്നും പ്രതാപന്‍ ആശംസിച്ചു.












Click it and Unblock the Notifications