റോഡില്‍ കുതിച്ച് പായാം; പരിധി കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തുന്നു. ഇനി മുതല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വേഗത്തില്‍ നിരത്തുകളിലൂടെ കുതിച്ചുപായാം. ഏപ്രില്‍ മുതല്‍ പുതിയ വേഗപരിധികള്‍ നടപ്പിലാകും.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേഗനിയന്ത്രണത്തിന്റെ പരിധി പുനര്‍നിര്‍ണയിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗം ഇപ്പോഴും നിരത്തുകളെ കൊലക്കളമാക്കുന്നുണ്ടെങ്കിലും റോഡുകളെല്ലാം മെച്ചപ്പെട്ട സ്ഥിതിക്ക് വേഗപരിധി കൂട്ടാം എന്നാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ നിലപാട്.

നാലുവരിപ്പാതകളില്‍ പോലും കാറുകളുടെ പരമാവധി വേഗം ഇതുവരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആ.യിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഇത് 90 കിലോമീറ്റര്‍ ആകും. ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഇനി നാലുവരിപ്പാതകളില്‍ പറപറക്കാം. വേഗപരിധി മണിക്കൂറില്‍ 50 ല്‍ നിന്ന് 70 കിലോമിറ്റര്‍ ആക്കി ഉയര്‍ത്തി.
ദേശീയ പാതകളില്‍ കാറുകളുടെ വേഗം മണിക്കൂറില്‍ 85 കിലോമീറ്റായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. നേരത്തെ ഇത് 70 കിലോമീറ്ററായിരുന്നു. സംസ്ഥാനപാതയില്‍ എടുക്കാവുന്ന പരമാവധി വേഗം 80 കിലോമീറ്ററാക്കി ഉയര്‍ത്തി.
നഗരപരിധികളില്‍ കാറുകളുടെ വേഗം 40 ല്‍ നിന്ന് 50 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ ഇത് 30 കിലോമീറ്ററാക്കി.
ബൈക്കുകളുടെ വേഗം ദേശീയ പാതയില്‍ 50 ല്‍ നിന്ന് 60 കിലോമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട. പക്ഷേ സംസ്ഥാന പാതകളില്‍ കൂട്ടിയിട്ടില്ല. നഗരങ്ങളില്‍ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ എന്നത് 50 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തി.












Click it and Unblock the Notifications