'ട്രംപിന്റെ ഭ്രാന്ത്.. ശക്തമായ നിലപാടെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം'; തോമസ് ഐസക്
വ്യാപാര യുദ്ധത്തിൽ യുഎസിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യ തയ്യാറാകണമെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ഒരു കാലത്ത് ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യക്ക് ആയിരുന്നു. അതുവെടിഞ്ഞ് മോദി അമേരിക്കൻ പാദസേവകനായി. അത് ഇന്ത്യയെ എങ്ങുംകൊണ്ട് എത്തിക്കാൻ പോകുന്നില്ല, തോമസ് ഐകസ് ഫേസ്ബുക്കിൽ കുറിച്ചു.
ട്രംപിന്റെ ഭ്രാന്തിനു പിന്നിൽ
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ട്രംപിന്റെ ഈ ഭ്രാന്തൻ നടപടികൾ എന്തിനു വേണ്ടിയാണ്? സ്വതന്ത്രവ്യാപാര മത്സരത്തിൽ അമേരിക്ക തോറ്റു. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി കുത്തനെ ഉയർന്നു. അമേരിക്കയിലെ വ്യവസായങ്ങൾ അടച്ചുപൂട്ടപ്പെട്ടു. അമേരിക്ക ഇന്ന് വ്യവസായ ഉൽപ്പാദക രാജ്യത്തേക്കാൾ സേവനപ്രധാന രാജ്യമാണ്. അമേരിക്കയെ വീണ്ടും വ്യവസായവൽകൃത രാജ്യമാക്കാനാണ് ട്രംപിന്റെ ശ്രമം. ഇതിനുവേണ്ടി ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കുന്നു. ഇറക്കുമതിക്കു പകരം അമേരിക്കയിൽ തന്നെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വ്യവസായികളോട് ആവശ്യപ്പെടുന്നു.

എന്നാൽ ഭീഷണി മുഴക്കി വ്യവസായ നിക്ഷേപം സൃഷ്ടിക്കാൻ കഴിയില്ലായെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ദിവസംതോറും തീരുവയിൽ വരുത്തുന്ന മാറ്റങ്ങൾമൂലം ട്രംപിനെ വിശ്വസിക്കാൻ കഴിയില്ലായെന്നാണ് നിക്ഷേപകർ കരുതുന്നത്. എന്ത് ഉറപ്പിലാണ് ട്രംപ് പറയുന്നതുകേട്ട് നിക്ഷേപം നടത്തുക? ഇത് ട്രംപിനെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
തീരുവയ്ക്കു പിന്നിൽ മറ്റൊരു ഉന്നംകൂടിയുണ്ട്. ട്രംപ് നൽകിയ നികുതിയിളവുകൾ അധിക ചെലവുകൾമൂലം കമ്മി കൂടിക്കൊണ്ടിരിക്കുകയാണ്. കമ്മി പരിഹരിക്കാൻ കണ്ടിരിക്കുന്ന എളുപ്പ മാർഗമാണ് ഇറക്കുമതി തീരുവ ഉയർത്തുകയെന്നത്. ചുങ്കം വഴി സമാഹരിക്കുന്ന ഭീമമായ തുക കമ്മി കുറയ്ക്കാനും മുതലാളിമാർക്ക് കൂടുതൽ ഇളവ് നൽകാനും സഹായിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
അമേരിക്കയ്‌ക്കെതിരെ കൂട്ടായ്മ മൂന്നാമതൊരു ഉന്നംകൂടിയുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക അഥവാ ബ്രിക്സ് രാജ്യങ്ങൾ അമേരിക്കയേക്കാൾ വേഗതയിൽ വളരുന്ന രാജ്യങ്ങളാണ്. ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുന്നത് അമേരിക്കൻ ആധിപത്യത്തിനും ഡോളർ നാണയ വ്യവസ്ഥയ്ക്കും ഭീഷണിയായിട്ടാണ് ട്രംപ് കരുതുന്നത്. ബ്രിക്സിനെ തകർക്കുന്നതിനുള്ള ഗൂഢലക്ഷ്യവുംകൂടി ഇന്ത്യക്കെതിരായ നീക്കത്തിനു പിന്നിലുണ്ട്.
എന്താണ് നമുക്ക് ചെയ്യാനാവുക? ഒറ്റയ്ക്ക് എതിരിട്ട് തോൽപ്പിക്കാനാകില്ല. അതുകൊണ്ട് അമേരിക്കൻ തെമ്മാടിത്തരത്തിനെതിരെ ബ്രസീലും മറ്റും നിൽക്കുന്നതുപോലെ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യാ സർക്കാർ തയ്യാറാകണം. ഒരു കാലത്ത് ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യക്ക് ആയിരുന്നല്ലോ. അതുവെടിഞ്ഞ് മോദി അമേരിക്കൻ പാദസേവകനായി. അത് ഇന്ത്യയെ എങ്ങുംകൊണ്ട് എത്തിക്കാൻ പോകുന്നില്ല.
അമേരിക്കൻ ചുങ്കത്തിനെതിരെ കേരളം ഒറ്റക്കെട്ടായി ഉയരണം. തീരുവമൂലം തകർച്ച നേരിടുന്ന കർഷകർക്ക് ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കണം. അമേരിക്കൻ ഉപജാപങ്ങൾക്കെതിരെ രാജ്യാന്തര പ്രതിരോധം ഉയർത്താൻ പ്രധാനമന്ത്രിയോട് ഒരുമിച്ച് ആവശ്യപ്പെടണം.












Click it and Unblock the Notifications