കേന്ദ്ര ബജറ്റ് 2024; ഇക്കുറിയും കേരളത്തിന് അവഗണന, 'മോദി ബ്രാൻഡിങ്' അംഗീകരിക്കാത്തതിനാൽ എന്ന് വിമർശനം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും ദക്ഷിണേന്ത്യയിൽ ബിജെപി സീറ്റ് കണ്ണുവയ്ക്കുന്ന സംസ്ഥാനമായിട്ടും കേന്ദ്ര ബജറ്റിൽ കേരളത്തിനും ഇക്കുറിയും പൂർണ അവഗണന. ഇടക്കാല ബജറ്റായതിനാലാണ് വലിയ പ്രഖ്യാപനങ്ങളില്ലാത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജൂലൈയിൽ പുതിയ സർക്കാർ ബജറ്റ് അവതരിപ്പിക്കുമ്പോഴും ഈ സ്ഥിതിയിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യമാണ് കേരളത്തിൽ നിന്നുള്ള പലരും ഉന്നയിക്കുന്നത്.
കഴിഞ്ഞ തവണ 17 ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും അതിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ലെന്നാണ് ബജറ്റ് നൽകുന്ന വ്യക്തമായ സൂചന. കഴിഞ്ഞ തവണത്തെ സാഹചര്യങ്ങളിൽ കാര്യമായ മാറ്റം ഇടക്കാല ബജറ്റിലും ഉണ്ടായിട്ടില്ലെന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ബജറ്റിനു മുൻപായി കേന്ദ്ര-സംസ്ഥാന ചർച്ചകളൊന്നും ഇത്തവണ നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകലും ഉണ്ടായില്ല. കേന്ദ്ര അവഗണന തുടരുന്നതിനാൽ പ്രത്യേക ആവശ്യങ്ങളൊന്നും ഇത്തവണ ഉന്നയിച്ചില്ലെന്ന് ധനവകുപ്പ് പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്കു നൽകിയ കത്തിലെ ആവശ്യങ്ങളും പരിഗണിച്ചിരുന്നില്ല.
കഴിഞ്ഞ ബജറ്റിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി പലിശയില്ലാതെ 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വായ്‌പ പ്രഖ്യാപിച്ചിരുന്നു. ആകെ ഒരു ലക്ഷം കോടി രൂപയാണ് വായ്‌പയായി നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. ഈ ഇനത്തിൽ ഏതാണ്ട് 1500 കോടിയോളം രൂപ കിട്ടുമെന്നായിരുന്നു ധനവകുപ്പിന്റെ പ്രതീക്ഷിച്ചത്, എന്നാൽ അതുണ്ടായില്ല.
ഒരു രൂപ പോലും പലിശ ഇല്ലാത്ത വായ്‌പയായി കേരളത്തിന് കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ബ്രാൻഡിങ്ങുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് പണം നിഷേധിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്രപദ്ധതികളിൽ കേന്ദ്രം പറയുന്ന ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്ന് നിർദേശിച്ചിരുന്നതായും, ഇതിൽ വിയോജിപ്പ് അറിയിച്ചതോടെ പണം തടഞ്ഞുവെന്നുമാണ് സംസ്ഥാന ധനവകുപ്പ് ആരോപിക്കുന്നത്.
അതേസമയം, ഇക്കുറിയും സമാനമായ രീതിയിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 75,000 കോടി രൂപയാണ് പലിശരഹിത വായ്‌പയായി കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ എത്ര രൂപ കേരളത്തിന് ലഭിക്കുമെന്നതടക്കം വ്യക്തമല്ല. കഴിഞ്ഞ തവണത്തേതിന് സമാനമായി ഒരു രൂപ പോലും ലഭിക്കാതെ വരുമോ എന്ന ആശങ്കയും നിലവിലുണ്ട്.












Click it and Unblock the Notifications