സ്ത്രീകളുടെ സാനിറ്ററി വസ്തുക്കളുടെ അധികവില കുറയ്ക്കാൻ കേന്ദ്രം നടപടിയെടുക്കണം: ജോണ്‍ ബ്രിട്ടാസ്
ദില്ലി: സ്ത്രീകളുടെ സാനിറ്ററി വസ്തുക്കളുടെ അധികവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമായി നല്കാനും നടപടി വേണമെന്നും അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു. ആർത്തവവും സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്കും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമായി നൽകേണ്ടത് അടിയന്തരാവശ്യമായി മാറിയിരിക്കുന്നു. പിങ്ക് ടാക്സ് എന്ന വിഷയം ലിംഗസമത്വത്തെ കുറിച്ചുള്ളത് തന്നെയാണ്.കാരണം ജീവിക്കാൻ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ പണം മുടക്കേണ്ട നിലയുണ്ട്.പെൺകുട്ടികൾക്കുള്ള കളിക്കോപ്പുകൾ മുതൽ സ്ത്രീകൾക്കുള്ള വ്യക്തിഗതവസ്തുക്കൾക്കുവരെ ആൺകുട്ടികൾക്കും പുരുഷന്മാർക്കുമുള്ള സമാനവസ്തുക്കളെക്കാൾ കൂടുതൽ തുക മുടക്കേണ്ടതുണ്ട്. അതിനാൽ പിങ്ക് ടാക്സിന് അടിയന്തരപരിഹാരം കാണേണ്ടതുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
സാനിറ്ററി വസ്തുക്കൾക്കുള്ള 12 ശതമാനം ജിഎസ്ടി നീക്കിയത് വലിയ പ്രതിഷേധങ്ങളെത്തുടർന്നാണ്. പക്ഷേ, ഇതു മൂലം ഉപഭോക്താക്കൾക്ക് വലിയ മെച്ചം കിട്ടുന്നില്ല. ഔട്ട് പുട്ട് നികുതിയിലെ കുറവ് പ്രാദേശികനിർമ്മാതാക്കളുടെ ഇൻ പുട്ട് നികുതിയിൽ ഇല്ല. അതുകൊണ്ട്, അസംസ്കൃതവസ്തുക്കൾ വാങ്ങുമ്പോൾ അവർ നികുതി കൊടുക്കേണ്ടിവരും. ആ തുക അവർ വില്ക്കുമ്പോൾ ഈടാക്കുകയും ചെയ്യും. അതുകൊണ്ട്, നികുതിയിളവിന്റെ ആനുകൂല്യം വാങ്ങുന്നവർക്കു കിട്ടുന്നില്ല.

നമ്മുടെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനമാണ് കിട്ടുന്നത് എന്ന് 2020-21ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്നു, കുറഞ്ഞ വേതനം കൈപ്പറ്റുന്നു. ഇതാണ് നിലയെങ്കിൽ 'ബേഠീ ബചാവോ, ബേഠീ പഠാവോ' പദ്ധതി നടപ്പാകില്ല. അതുകൊണ്ട്, സ്ത്രീകളുടെ സാനിറ്ററി വസ്തുക്കളുടെ അധികവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് സാനിറ്ററി ഉല്പന്നങ്ങൾ സൗജന്യമായി നല്കാനും നടപടി വേണം. അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വെ പറയുന്നത് രാജ്യത്ത് കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്തെ ജനനങ്ങളിൽ പെൺകുട്ടികളുടെ ലിംഗാനുപാതം 929 ആണെന്നാണ്. ആ സാഹചര്യത്തിൽ പെൺകുട്ടികളെ വളർത്താൻ ആൺകുട്ടികളേക്കാൾ പണം മുടക്കണം എന്നു കൂടി വന്നാലോയെന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നു.
അതേസമയം, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പ്രാദേശിക ഭാഷ നിർബന്ധിതമാക്കിയാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ പറ്റിയും എംപി രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചു. 50 % അഖിലേന്ത്യാ ക്വാട്ടയിൽ തെക്കൻ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് വടക്കൻ സംസ്ഥാനങ്ങളിലും വടക്കൻ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് തെക്കൻ സംസ്ഥാനങ്ങളിലുമാണ് പ്രവേശനം ലഭിക്കാറുള്ളത്. അപ്പോൾ പ്രാദേശിക ഭാഷ നിര്ബന്ധമാക്കിയാൽ കുട്ടികൾ എങ്ങനെ പഠിക്കുമെന്നും എംപി ചോദിക്കുന്നു.












Click it and Unblock the Notifications