ഉണ്ണി മുകുന്ദന്റെ 'മാർക്കോ വിവാദം;' സിനിമയിലെ കൊക്കൈയ്ൻ, ഗ്ലൂക്കോസ് ആണ്, നാട്ടിൽ അതല്ല'; തുണച്ച് വിഎ ശ്രീകുമാർ
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ടിവി ചാനലുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. സിനിമ കുട്ടികളിൽ അക്രമവാസന വളർത്തുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മലയാളത്തിലെ ഏറ്റവും വയലൻസ് ഉള്ള ചിത്രം എന്ന ലേബലോടെയാണ ഹനീഫ് അദാനി സംവിധാനം ചെയ്ത മാർക്കോ റിലീസ് ചെയ്തത്. സിനിമയിലെ വയലൻസിനെതിരെ തുടക്കത്തിൽ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എ സർട്ട്ഫിക്കറ്റോടെയാണ് ചിത്രം തീയറ്ററിലെത്തിയത്. കൊടുക്രൂരതകളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററിൽ വൻ വിജയമായ ചിത്രം നിലവിൽ ഒടിടിയിൽ പ്രദർശനം തുടരുകയാണ്.

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മാർക്കോ സിനിമ ഇനിയും പ്രദർശിപ്പിക്കരുതന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നത്. അതേസമയം സിനിമയുടെ പ്രദർശനം നിഷേധിച്ചതിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ ധാരാളം നിറയുന്നുണ്ട്. അക്കൂട്ടത്തിൽ സിനിമയെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് പങ്കുവെയ്ക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
വായിക്കാം-'ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആർട്ടുകൾ നൽകുന്ന സന്ദേശമാണ് ഇപ്പോൾ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് ആർട്ട്. നന്മയാണ് ആർട്ടിൽ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ.
സ്വാധീനിച്ചാൽ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികൾ എങ്ങനെ സ്കൂൾ കുട്ടികളിൽ വരെ എത്തുന്നു? ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്?ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകൾ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്?
GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്. നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം. മാർക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആർട്ട് നിരോധിച്ച് കുറ്റം ചാർത്തിയാൽ തീരുന്നതല്ല പ്രശ്നം.
സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടിൽ ഉള്ളത് ഒർജിനലും!', താരം പറഞ്ഞു.












Click it and Unblock the Notifications