ഓണത്തിന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന സർവീസ്: മന്ത്രിയുടെ ഉറപ്പെന്ന് വി മുരളീധരൻ
കൊച്ചി: ഓണക്കാലത്ത് പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് ഉണ്ടാകമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയെ ഉദ്ധരിച്ചാണ് വി മുരളീധരൻ അറിയിച്ചത്. അവധിക്കാലത്ത് ഇത്തരത്തിഷ വിദേശത്തുനിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തി വിമാന ടിക്കറ്റ് നിരക്ക് വർധന തടയാമെന്ന് വ്യോമയാന മന്ത്രി കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി ലീഗൽ സെൽ ഉദ്ഘാടനം ചെയ്തു് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് കണക്ടിവിറ്റി നൽകുന്ന സർവീസ് വേണമെന്ന ആവശ്യം വ്യോമയാന മന്ത്രി അംഗീകരിച്ചെന്നും, പഠനം നടത്തി അനൂകൂല നടപടി സ്വീകരിക്കാനുള്ള നിർദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യൻ പൌരന്മാർക്ക് ശിക്ഷാ കാലാവധി ഇന്ത്യയിൽ പൂർത്തിയാക്കുന്നതിന് അറുപതിലധികം രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ പ്രവാസി തടവുകാർ പലകാരണങ്ങൾ കൊണ്ട് ഈ സൌകര്യങ്ങൾ വേണ്ടെന്ന് വയ്ക്കുകയാണ്. റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചൂഷണത്തിന് പരിഹാരം കാണാൻ കഴിയുന്ന രീതിയിൽ എമിഗ്രേഷൻ നിയമത്തിൽ പരിഷ്കാരങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രവാസികൾക്ക് വേണ്ടിയുള്ള ഇന്ത്യൻ വെൽഫെയർ ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച മന്ത്രി വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്ക് മാറ്റം വന്നിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടര മാസമായി ഇത് സംഭവിച്ചിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നയതന്ത്രത്തിന് പുറമേ പ്രവാസികളുടെ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications