സന്ദീപിന് കൊലക്കയർ തന്നെ നൽകണം, സന്ദീപിന്റെ രാഷ്ട്രീയ ചായ്വ് തേടിപ്പോകാത്തതെന്തെന്ന് ജലീൽ
മലപ്പുറം: ഡോ. വന്ദന ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപിന് കൊലക്കയർ തന്നെ നൽകണമെന്ന് കെടി ജലീൽ എംഎൽഎ. ഇയാളുടെ നാട്ടിലെ സംഘടനാ ബന്ധവും രാഷ്ട്രീയ ചായ്വും എന്തുകൊണ്ടാണ് മാധ്യമങ്ങൾ തേടിപ്പോകാത്തത് എന്ന് കെടി ജലീൽ ചോദിക്കുന്നു.
കെടി ജലീലിന്റെ കുറിപ്പ്: ' വന്ദനമോളേ മാപ്പ്!!! എം.ബി.ബി.എസ് പാസ്സായി കോഴ്സിൻ്റെ ഭാഗമായുള്ള ഹൗസ് സർജൻസി ചെയ്യവെയാണ് ഡോ: വന്ദന ദാസ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. അദ്ധ്യാപകൻ എന്ന വാക്കിൻ്റെ ആയിരം കാതമകലെപ്പോലും നിൽക്കാൻ യോഗ്യതയില്ലാത്ത സന്ദീപെന്ന നരാധമനാണ് വന്ദനയുടെ ജീവനെടുത്തത്. വാർത്ത കേട്ടത് മുതൽ എൻ്റെ മനസ്സ് അസ്വസ്ഥമാണ്. രാത്രി പതിവുപോലെ ഉറങ്ങാനായില്ല. ഇടക്ക് ഞെട്ടിയുണർന്നു.

വന്ദന ദാസെന്ന യുവ ഡോക്ടറുടെ മുഖം കണ്ണിൽ നിന്ന് എത്ര ശ്രമിച്ചിട്ടും മറയുന്നില്ല. അസാധാരണമായ അത്തരമൊരു അനുഭവത്തിന് കാരണമുണ്ട്. വന്ദന മോളെപ്പോലെ ഒരു മകൾ എനിക്കുമുണ്ട്. എം.ബി.ബി.എസ് ജയിച്ച് അവളും ഹൗസ് സർജൻസി ചെയ്യുകയാണ്. ആറുമാസം പിന്നിട്ടു. പേര് സുമയ്യ ബീഗം. വന്ദന ദാസിൻ്റെയും സുമയ്യയുടെയും മുഖങ്ങൾ മാറിമാറി എൻ്റെ സ്മൃതിപഥങ്ങളിൽ തെളിയുന്നത് ഇപ്പോഴും നിലച്ചിട്ടില്ല.
എല്ലാ ദിവസവും സുമയ്യ ഞങ്ങളെ വിളിക്കും. രോഗികളുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കും. ആശങ്കകൾ ഉണർത്തും. പരാതികളും പരിഭവങ്ങളും പറയും. അദ്ധ്യാപകരായ മുതിർന്ന ഡോക്ടർമാരുടെ ശാസനകളെ കുറിച്ച് സംസാരിക്കും. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ കാലയളവാണ് ഹൗസ് സർജൻസി ചെയ്യുന്ന ഒരു വർഷം. ക്ലാസ് റൂമിലും ലാബിലും പഠിച്ച കാര്യങ്ങൾ ജീവനുള്ള മനുഷ്യനുമേൽ പ്രയോഗിക്കുന്ന കാലയളവ് ഓരോ കുട്ടിയും അതീവ ശ്രദ്ധയോടെയാണ് ചെയ്യുക.
തൻ്റെ മുന്നിലെത്തിയ സന്ദീപിനെ നിറചിരിയോടെ ഡോ: വന്ദന സ്വീകരിച്ചിരുത്തി. കാലിലെ മുറിവിൽ നിന്ന് പൊടിഞ്ഞുകൊണ്ടിരുന്ന രക്തം സഹ ഡോക്ടറുമൊത്ത് തുടച്ചു കൊടുത്തു. പുറത്തിറങ്ങിയ സന്ദീപ് ഒരു കാരണവുമില്ലാതെ പ്രകോപിതനായി. തൻ്റെ ബന്ധു രാജേന്ദ്രൻ പിള്ളയെ ആദ്യം ചവിട്ടി വീഴ്ത്തി. ഡ്രസ്സിംഗ് റൂമിലെ കത്രികയെടുത്ത് അയൽക്കാരനും സി.പി.എം പ്രവർത്തകനുമായ ബിനുവിനെ കുത്തി പരിക്കേൽപ്പിച്ചു.
തടയാനെത്തിയ ഹോംഗാർഡ് അലക്സ്കുട്ടിയെ കുത്തിവീഴ്ത്തി. കണ്ട് നിന്നവർ ഭയപ്പെട്ട് ചിതറിയോടി. പോലീസുകാർ കീഴ്പ്പെടുത്താൻ നോക്കിയപ്പോൾ അവരെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നെ അക്രമി വന്ദനയുടെ നേർക്ക് തിരിഞ്ഞ് മോളുടെ കഴുത്തിലും പിടലിക്കും കുത്തി. തളർന്ന് നിലത്തുവീണ വന്ദനമോളെ സന്ദീപെന്ന ഹൃദയശൂന്യനായ പിശാച് വീണ്ടും കുത്തി. അക്രമിയെ കീഴ്പ്പെടുത്തിയ ശേഷം പരിക്കേറ്റു കിടന്ന ഡോക്ടറെ തിരുവനന്തപുരം കിംസിൽ എത്തിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല.
ഏകമകളെ നഷ്ടപ്പെട്ട മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും മനോവിഷമത്തിന് ലോകം മുഴുവൻ പകരം നൽകിയാലും മതിയാവില്ല. സന്ദീപെന്ന കാട്ടാളന് കൊലക്കയർ തന്നെ നൽകണം. കൊലയാളിയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാതെ പോയത് എന്തുകൊണ്ടാണ്? അയാളുടെ fb എക്കൗണ്ടും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലും നാട്ടിലെ സംഘടനാ ബന്ധവും സ്കൂളിലെ രാഷ്ട്രീയ ചായ്വും തേടിപ്പോകാൻ എന്തേ ആരും തയ്യാറാകാതിരുന്നത്?
ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർധിച്ചു വരികയാണ്. ചികിൽസക്കെത്തുന്നവരുടെ ബന്ധുക്കൾ ശത്രുവിനെപ്പോലെയാണ് പലപ്പോഴും ഡോക്ടർമാരെ കാണാറ്. അവരുടെ കയ്യിലാണ് രോഗിയുടെ ജീവനെന്ന് ആരും ഓർക്കാറില്ല. ഒരു ഡോക്ടറും ബോധപൂർവ്വം താൻ ചികിൽസിക്കുന്ന രോഗിക്ക് അപകടം വരുത്താൻ സ്വപ്നമേവ വിചാരിക്കില്ല.
ബോധപൂർവ്വം ഒരു ഡോക്ടറും രോഗികളെ ബുദ്ധിമുട്ടിക്കില്ല. ഇതുമനസ്സിലാക്കാതെ പലപ്പോഴും ഡോക്ടർമാരെ ആൾക്കൂട്ട ആക്രമണത്തിന് ഇരകളാക്കുന്ന പ്രവണത അത്യന്തം പ്രതിഷേധാർഹമാണ്. വന്ദനമോളുടെ ദാരുണ അന്ത്യം കേട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി. ഈ നിഷ്ഠൂര കൃത്യത്തെ അപലപിക്കാൻ എൻ്റെ പദാവലികളിൽ വാക്കുകളില്ല. വന്ദനമോളേ മാപ്പ്.












Click it and Unblock the Notifications