‘വന്ദേഭാരത് ടിക്കറ്റ് 2138 രൂപ; കെ–റെയില്‍ 1325’...വസ്തുതകൾ അറിഞ്ഞ് തള്ളൂവെന്ന് സന്ദീപാനന്ദഗിരി
കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ ആഘോഷമാക്കുകയാണ് ബിജെപി. സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുകൈനിട്ടമെന്നായിരുന്നു ബിജെപി പ്രവർത്തകർ ട്രെയിനിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ വന്ദേഭാരത് പ്രഖ്യാപിച്ചതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് സിപിഎം വിമർശനം.
ഇത്തരത്തിലുള്ള ചർച്ച കൊഴുക്കുന്നതിനിടെ വന്ദേഭാരത് ട്രെയിൻ ടിക്കറ്റ് നിരക്കുകളെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. വന്ദേഭാരത് നല്ലത് പക്ഷേ വസ്തുതകൾ അറിഞ്ഞ് തള്ളൂവെന്നാണ് സന്ദീപിന്റെ കുറിപ്പ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

'വന്ദേഭാരത് ട്രെയിൻ കേരളത്തിൽ... നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ്: 2138 രൂപ. സമയം: 8 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആര്‍ടിസി മിന്നൽ ബസ് ചാർജ്: 671 രൂപ. സമയം: 9 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ-റെയിൽ ചാർജ്: 1325 രൂപ. സമയം: 3 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ്: 2897 രൂപ... സമയം: 1 മണിക്കൂർ.. വിഷു ആശംസകള്‍', പോസ്റ്റിൽ പറഞ്ഞു.
അതേസമയം പോസ്റ്റിന് മറുപടിയായി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. സന്ദീപിന്റെ പ്രതികരണം ഇങ്ങനെ-'നരേന്ദ്ര മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന സന്ദീപാനന്ദ ഗിരി ഉൾപ്പെടെയുള്ളവർ വസ്തുത അറിയാതെ വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അസത്യം പ്രചരിപ്പിക്കുകയാണ് .
വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് രണ്ട് ക്‌ളാസ്സുകളിലാണ് . ബേസിക് , പിന്നെ എക്സിക്യൂട്ടിവ് . കണ്ണൂർ തിരുവനന്തപുരം ബേസിക് ക്ലാസ് ടിക്കറ്റ് 935 രൂപ മാത്രമാണ് . എക്സിക്യൂട്ടിവ് ക്ലാസ്സിൽ 1958 രൂപയും . ട്രെയിൻ പൂർണമായും എസി ആണ് .
ഭാവിയിൽ മംഗലാപുരത്തേക്ക് വന്ദേ ഭാരത് നീട്ടാൻ പദ്ധതിയുണ്ട് .
കണ്ണൂർ തിരുവനന്തപുരം ആറര ഏഴ് മണിക്കൂർ കൊണ്ട് ഓടിയെത്തിക്കാം എന്നാണ് റെയിൽവേ കരുതുന്നത് . പല ഭാഗങ്ങളിലുമുള്ള കർവ്വുകൾ നികത്തുന്നത് സർവ്വേ കഴിഞ്ഞിരിക്കുകയാണ് . ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഇത് പൂർത്തിയായാൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വന്ദേ ഭാരതിന് സാധിക്കും . നരേന്ദ്ര മോദിയാണ് ഭരിക്കുന്നത് , ദേശീയപാത വികസനം പോലെ ഇതും സാധ്യമാകും .
ഇനി പറയൂ 2030ൽ മാത്രം പണി തീരുമെന്ന് പറയപ്പെടുന്ന , രണ്ട് ലക്ഷം കോടിയുടെ ബാധ്യത മലയാളിയുടെ പോക്കറ്റിൽ നിന്നും വഹിക്കേണ്ടി വരുന്ന , കാൽ ലക്ഷം മലയാളി കുടുംബങ്ങളെ തെരുവിലിറക്കി വിടുന്ന , പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ വേണോ അതോ കേരള ഖജനാവിന് നയാപൈസ ചിലവില്ലാത്ത വന്ദേ ഭാരത് വേണോ ?












Click it and Unblock the Notifications