വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വം; അടിപൊളി ട്വീറ്റുമായി കണ്ണന് ഗോപിനാഥന്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് സരസമായ മറുപടി നല്കി ഐഎഎസ് പദവി രാജിവച്ച കണ്ണന് ഗോപിനാഥന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് സ്കൂളില്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ആ കുട്ടിയൊഴികെ- എന്നാണ് വട്ടിയൂര്‍ക്കാവ് വിഷയത്തില്‍ കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തത്.

വട്ടിയൂര്‍ക്കാവ് വിഷയത്തിലും സമാനമായ അവസ്ഥയാണെന്ന് കണ്ണന് പറയുന്നു. എനിക്കൊഴികെ എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കണ്ണന് ഗോപിനാഥന് വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു കഴിഞ്ഞദിവസങ്ങളിലെ പ്രചാരണം. പല പേരുകളും പ്രചരിക്കുന്നതിന് കൂടെയാണ് കണ്ണന് ഗോപിനാഥന്റെ പേരും പ്രചരിച്ചത്.
അടുത്തിടെയാണ് ഇദ്ദേഹം ഐഎഎസ് പദവി രാജിവച്ചത്. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു രാജി. ഇക്കാര്യം അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ പ്രളയകാലത്ത് ആരുമറിയാതെ കേരളത്തിലെത്തി സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വേളയിലും അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു.
സ്കൂളിൽ പഠിച്ച് കാലത്ത് എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്കൂളിൽ എല്ലാവർക്കും അറിയാമായിരുന്നു.
— Kannan Gopinathan (@naukarshah) September 23, 2019
ആ കുട്ടിക്കൊഴികെ! 😬#വട്ടിയൂർക്കാവ്
പത്രികാ സമര്‍പ്പണത്തിന് ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഒരു പാര്‍ട്ടികളും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുകയാണ്. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃയോഗവും നടക്കും. പാണക്കാട് മുസ്ലിം ലീഗ് നേതാക്കള്‍ മഞ്ചേശ്വരം വിഷയവും ചര്‍ച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും സിപിഎമ്മിന് സ്ഥാനാര്‍ഥികളെ കണ്ടെത്തണം. ബുധനാഴ്ചയാകും എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യപിക്കുക എന്നാണ് വിവരം. മേയര്‍ വികെ പ്രശാന്തിന്റെ പേരാണ് വട്ടിയൂര്‍ക്കാവില്‍ സിപിഎം പരിഗണിക്കുന്നതെന്നാണ് ഒടുവിലെ വിവരം.












Click it and Unblock the Notifications