വേടൻ വീണ്ടും വേദിയിലേക്ക്, അതും സർക്കാർ പരിപാടിയിൽ; റാപ്പ് ഷോ നടക്കുന്നത് ഇടുക്കിയിൽ
ഇടുക്കി: ലഹരിക്കേസിലും വനംവകുപ്പിന്റെ പുലിപ്പല്ല് കേസിലും ജാമ്യം കിട്ടിയതിന് പിന്നാലെ വേടൻ വീണ്ടും വേദിയിലേക്ക്. സർക്കാർ പരിപാടിയിലാണ് വേടൻ പാടുക. ഇടുക്കിയിലെ എന്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി നൽകിയിരിക്കുന്നത്. നേരത്തെ വേടനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കഞ്ചാവ് കേസിൽ വിവാദങ്ങൾ ശക്തമായതോടെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും വീണ്ടും വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ നടക്കുക. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുൾപ്പെടെ കൈക്കൊണ്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇക്കാര്യത്തിൽ ചില പ്രതിപക്ഷ പാർട്ടി നേതാക്കളും സമാന നിലപാടാണ് പങ്കുവച്ചത്.

ഏപ്രിൽ 29നായിരുന്നു ഇടുക്കിയിൽ വേടന്റെ പരിപാടി നിശ്ചയിച്ചത്. സർക്കാരിന്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. അതിനിടയിൽ ഏപ്രിൽ 24ന് കഞ്ചാവുമായി വേടൻ അറസ്‌റ്റിലായി, ഇതിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വേടനെ വിട്ടയച്ചിരുന്നു. പിന്നീട് പുലിപ്പല്ല് കേസിലാണ് വേടൻ ജയിലിലായത്. കഞ്ചാവ് കേസിൽ പിടിയിലായതോടെയാണ് പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
അതിനിടെ വേടൻ കേരളത്തിൽ ഉയർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണെന്നും അദ്ദേഹത്തെ വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണ്, ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.
വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിന്റെ നീക്കത്തെ കണ്ടാൽ മതിയെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
നേരത്തെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആറ് ഗ്രാം കഞ്ചാവുൾപ്പടെയുള്ള ലഹരിവസ്‌തുക്കളുമായി അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ വേടന് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുലിപ്പല്ല് കേസിൽ വനംവകുപ്പ് വേടനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അതിൽ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.












Click it and Unblock the Notifications