ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലി ആര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപ്രതം, ആരംഭത്തില്‍ ആളിക്കത്തി വിവാദം
തിരുവനന്തപുരം: സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കത്തില്‍ കല്ലുകടി. ജാഥയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ എന്നാണ് നല്‍കിയിരിക്കുന്നത്.

യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയാണ് ആദരാഞ്ജലികള്‍ എന്ന് ഒന്നിലധികം തവണ അടിച്ച് ചേര്‍ത്തിരിക്കുന്നത്.
സപ്ലിമെന്റിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയാണ്. പിന്നാലെ നിരവധി പേര്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. പേജിന്റെ ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ഇങ്ങനെ ഒരു അട്ടിമറി മനസിലായതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തുവരുന്നത്. പിഡിഎഫ് എടുക്കുന്നതിനിടെയാണ് ആശംസകള്‍ എന്ന് മാറ്റി ആദരാഞ്ജലികള്‍ എന്ന് ആക്കിയത്. വീക്ഷണത്തിനെതിരെ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തികളുടെ സ്വാധീനത്താലാണ് സ്വകാര്യ കമ്പനി ഇങ്ങനെ ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
എന്നാല്‍ ആദരാഞ്ജലികള്‍ എന്ന പദപ്രയോഗം തെറ്റല്ലെന്നും മാനേജ്‌മെന്റും ഭാഷവിദഗ്ദരും ഉയര്‍ത്തുന്നുണ്ട്. ആദരവോടെ കൂപ്പുകൈ എന്നര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. അതേസമയം, സംഭവത്തില്‍ കെപിസിസി വീക്ഷണം മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications