'എനിക്ക് കൊവിഡ് നെഗറ്റീവാണ്'; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രണ്ട് തവണ പരിശോധന നടത്തിയപ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നെന്നും ഇന്ന് വീണ്ടും പരിശോധന നടത്തിയപ്പോള്‍ അതും നെഗറ്റീവായിരുന്നെന്നും മന്ത്രി അറിയിച്ചു. ഡെങ്കിയും നെഗറ്റീവാണ്. വൈറല്‍ ഫീവര്‍ ആണെന്നാണ് കരുതുന്നത്. വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍ അറിയിച്ചതായി മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്നും കണ്ടതുകൊണ്ടാണ് ഇവിടെ കുറിയ്ക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകളിലേക്ക്...

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്
ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.
അതേസമയം, രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുകയാണ്. ജൂണ്‍ മാസത്തിന്റെ ആദ്യ നാല് ദിവസത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മാത്രം മുന്‍ മാസത്തേക്കാള്‍ ഇരട്ടിയോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥന നഗരമായ ദില്ലിയിലും കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. അടുത്ത നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ കേസുകളുടെ എണ്ണം ഉയരാനുള്ള സാധ്യതയുണ്ട്. കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ ഇരട്ടിയോളം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതിന് പുറമെ, പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായിട്ടുണ്ട്.












Click it and Unblock the Notifications