വേങ്ങരയില്‍ സജീവമായി ഖമറുന്നീസ അന്‍വര്‍; പാര്‍ട്ടി പരിപാടികളില്‍ വീണ്ടും
മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം വതിനാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ വീണ്ടും പൊതുപരിപാടികളില്‍. വേങ്ങരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുടുംബ യോഗങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.
ബിജെപിയുടെ സംസ്ഥാനതല ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മാറ്റിയത്. അഞ്ച് മാസം മുമ്പാണ് ഈ സംഭവം.

അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ അവര്‍ ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് കുറഞ്ഞിരുന്നു. പാര്‍ട്ടി വേദികളില്‍ പിന്നീട് അവരെ കണ്ടിട്ടുമില്ല. പക്ഷേ, വേങ്ങരയില്‍ ഖമറുന്നീസ സജീവമാണ്.
വേങ്ങര അരീക്കുളത്ത് നടന്ന യുഡിഎഫ് കുടുംബ യോഗത്തിലാണ് ഖമറുന്നീസ പങ്കെടുത്തത്. പാര്‍ട്ടിയില്‍ സജീവമാകാന്‍ അവരോട് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് വേങ്ങരയിലെ കുടുംബ യോഗങ്ങളില്‍ എത്തുന്നത്.
വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയിലും ഖമറുന്നീസ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേങ്ങരയില്‍ കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കാനും സ്ത്രീകള്‍ക്കിടയില്‍ പ്രചാരണം ശക്തിപ്പെടുത്താനുമാണ് ഖമറുന്നീസയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ ബിജെപി ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖമറുന്നീസ വനിതാ ലീഗ് നേതാക്കള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തനിക്കെതിരായ നടപടിക്ക് പിന്നില്‍ വനിതാ ലീഗിലെ ചിലരുണ്ടെന്നായിരുന്നു ഖമറുന്നീസയുടെ പരാതി.












Click it and Unblock the Notifications