എംഎം മണി ഹാലിളകുന്നതിന് കാരണം ഇതാണ്; ലംബോദരന്‍ വലിയ കൈയേറ്റക്കാരന്‍, രേഖ പുറത്ത്!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ അമിതമായി ഇടപെടുന്നതിന് കാരണം വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ലംബോദരന്‍ ഇടുക്കിയിലെ പ്രധാന കൈയേറ്റക്കാരനാണെന്ന് തെളിയുന്ന രേഖകള്‍ പുറത്ത്. ഇയാള്‍ക്കെതിരേ നിലവില്‍ കേസുമുണ്ട്.

ഇടുക്കി ചിന്നക്കനാലില്‍ ഭൂമി കൈയേറിയതിന് ലംബോദരനെതിരേ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. മാതൃഭൂമി ന്യൂസ് ആണ് രേഖകള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലംബോദരന്റെ അവകാശവാദം പൊളിഞ്ഞു

തനിക്കെതിരേ ഭൂമി കൈയേറ്റത്തിന് കേസില്ലെന്നായിരുന്നു ലംബോദരന്റെ അവകാശവാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് ചാനല്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. 2012ലാണ് ലംബോദരനെതിരേ കേസെടുത്തിരിക്കുന്നത്.

2012ല്‍ കുറ്റപത്രം സമര്‍പ്പിച്ചു

2012ല്‍ ഇടുക്കിയിലെ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന പിടി കൃഷ്ണന്‍ കുട്ടിയാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഈ കേസില്‍ വിചാരണ ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇതിന് കാരണം വ്യക്തമായിട്ടില്ല.

കേസില്‍ രണ്ടാം പ്രതിയാണ് ലംബോദരന്‍

ചിന്നക്കനാലിലെ ഭൂമി കൈയേറിയ കേസില്‍ രണ്ടാം പ്രതിയാണ് ലംബോദരന്‍. വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇയാളുടെ ഭാര്യാ സഹോദരന്‍ രാജേന്ദ്രന്‍ മൂന്നാം പ്രതിയാണ്.

വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറി

ചിന്നക്കനാലിലെ വേണാട് താവളത്തില്‍ പ്രതികള്‍ വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കേസ്. ഗുരുതരമായ കുറ്റങ്ങളാണ് ലംബോദരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ വിജിലന്‍സ് ചുമത്തിയിട്ടുള്ളത്.

സഹായത്തിന് സര്‍ക്കാര്‍ വകുപ്പുകളും

റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയായിരുന്നു ഭൂമി കൈയേറ്റമെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു. ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സ്റ്റുവര്‍ട്ട് ജേക്കബാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ അടുത്തിടെ മരിച്ചു.

 കേസിലെ മറ്റു പ്രതികള്‍

വില്ലേജ് ഓഫീസര്‍മാരായിരുന്ന രാധാകൃഷ്ണന്‍, ഇഷാ ദേവി, വില്ലേജ് അസിസ്റ്റന്റായിരുന്ന എംവി സാബു, രാജകുമാരി സബ് രജിസ്ട്രാര്‍ മോഹന്‍ദാസ്, ഇവിടുത്തെ ജീവനക്കാരന്‍ സെബാസ്റ്റിയന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

സിബി മാത്യസിന്റെ ഇടപെടല്‍

രേഖകളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന സിബി മാത്യസാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

കോടികളുടെ ആസ്തി

എംഎം മണിയുടെ സഹോദരനായ ലംബോദരന്റെ കുടുംബത്തിന് കോടികളുടെ ആസ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടുക്കിയിലെ യഥാര്‍ഥ ആശാന്‍ ലംബോദരനാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കോടികളുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ള കുടുംബമാണ് ലംബോദരന്റേത്.

പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനി

പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോദരന്റെ കുടുംബത്തിന് 15 കോടി രൂപയുടെ നിക്ഷേപമുള്ളത്. ലംബോദരന്റെ ഭാര്യ സരോജിനി ലംബോദരനാണ് കമ്പനി ഡയറക്ടര്‍. 2002ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലംബോദരന്റെ മകന്‍ ലജീഷ് പുലരി പ്ലാന്റേഷന്‍സിന്റെ എംഡിയാണ്. ഇരുവര്‍ക്കുമായി 15 കോടിയുടെ നിക്ഷേപം ഈ കമ്പനിയിലുണ്ടെന്ന് ഇവര്‍ ഏല ലേലത്തിനായി സ്പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

മറ്റു ചില അഡീഷണല്‍ ഡയറക്ടര്‍മാര്‍

സരോജിനിക്കും ലജീഷിനും പുറമെ പ്രവീഷ് കുഴിപ്പള്ളി, ജയഷീര്‍, ജെന്നി വര്‍ഗീസ് എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ കമ്പനിയാണ് പുലരി പ്ലാന്റേഷന്‍സ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ടെന്നാണ് വിവരം. സിപിഎം രാജാക്കാട് മുന്‍ ഏരിയാ സെക്രട്ടറിയാണ് ലംബോദരന്‍. എംഎം മണിയുടെ രാഷ്ട്രീയ സ്വാധീനം ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

25 ലക്ഷം ഓഹരി മൂലധനം

2002 ഡിസംബര്‍ 12നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 ലക്ഷം ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം. കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം പുലരി പ്ലാന്റേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത് 2015 സപ്തംബര്‍ 30നാണ്. കണക്കുകള്‍ സമര്‍പ്പിച്ചതാവട്ടെ, അതേ വര്‍ഷം മാര്‍ച്ച് 31നും.

മൂന്ന് കോടിയുടെ ഭൂമി

15814 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍ പറയുന്നു. കമ്പനിക്ക് മൂന്ന് കോടി രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് സ്പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

ലംബോദരന്‍ പറയുന്നത്

വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്ന് ലംബോദരന്‍ പറഞ്ഞു. ഏല ലേലത്തിന് ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എംഎം മണി സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

English summary
Vigilance charge sheet against MM Mani's brother Lambodaran on Chinnakkanal encroachment,
Please Wait while comments are loading...