ഇന്ന് അഞ്ച് മണിക്ക് ഹാജരായില്ലെങ്കില്‍ കളി മാറും; വിജയ് ബാബു നാട്ടിലെത്താന്‍ സാധ്യതയില്ല, അടുത്ത നീക്കം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. മീഡിയവണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരില്ല. വിജയ് ബാബു ഇന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. തിരിച്ചെത്താത്ത സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം.

നേരത്തെ കേരളത്തിലേക്ക് തിരിച്ചുവരണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം വിജയ് ബാബു ദുബായില്‍ തന്നെ തുടരുമെന്നാണ് വിവരം. ഇതിന് പകരം പരാതിക്കാരിക്കെതിരെ കൂടുതല്‍ തേളിവുകള്‍ ഹാജരാക്കാന്‍ വിജയ് ബാബുവിന്റെ പ്രതിനിധി കേരളത്തിലേക്കെത്തുമെന്നാണ് സൂചന. വിജയ് ബാബുവിനെ തിരിച്ചെത്തിക്കുന്ന നടപടികള്‍ സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യന്‍ എംബസിയും പ്രതികരിച്ചിട്ടില്ല.

നടിയുടെ പരാതിക്ക് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബു അടുത്തിടെ ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നത്. ഇനിയും ദുബായില്‍ നിന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നത്.
Recommended Video


ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഇത് മുതലെടുക്കാനാണ് വിജയ് ബാബു ഒളിവില്‍ കഴിയാന്‍ ജോര്‍ജിയ തിരഞ്ഞെടുത്തത്. ഇതിനിടെ, കൊച്ചി പൊലീസിന്റെ അപേക്ഷയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ ജോര്‍ജിയയിലേക്ക് കടന്നെന്നാണ് വിവരം.

ഇതിനിടെ, ഇന്ന് രാവിലെ പൊലീസിന് മുന്നില്‍ കീഴടങ്ങാനുള്ള സന്നദ്ധത വിജയ് ബാബു അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ നാട്ടലേക്കുള്ള മടക്ക യാത്ര ടിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടയെന്നും അതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്.

വിജയ് ബാബു ഇന്ത്യയിലുണ്ടോയെന്നു കോടതി ചോദിച്ചു. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഇല്ലെന്നും ഏതു ദിവസം വേണമെങ്കിലും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെയും ഹാജരാകാന്‍ തയാറാണ്. അന്വേഷണം ആരംഭിക്കുമ്പോള്‍ വിദേശത്തായിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ മടങ്ങാനാകുമായിരുന്നില്ല. അവസരം ലഭിച്ചാല്‍ വരുമെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമനടപടി തുടങ്ങിയതോടെയാണു വിജയ് ബാബു കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണു സൂചന. ഇതിനിടെ സിനിമ മേഖലയിലെ മറ്റുള്ളവരെ സ്വാധീനിച്ച് യുവനടിയില്‍ നിന്നും പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും വിജയ് ബാബു നടത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.












Click it and Unblock the Notifications