'രാജിവെക്കുമെന്ന് ബാബു രാജ് പറഞ്ഞു..സംഘടനയെ നിയന്ത്രിക്കുന്ന ചിലർക്ക് പുരുഷാധിപത്യ നിലപാട്'; മാലാ പാർവ്വതി
കൊച്ചി; ഇരയുടെ പേര് പറയാൻ പാടില്ലെന്നാണ് നിയമം എന്നിരിക്കെ വിജയ് ബാബു ഇരയുടെ പേര് പറഞ്ഞുവെന്നും അതിൽ രണ്ട് വശമില്ലെന്നും മാലാ പാർവ്വതി. അമ്മ ആവശ്യപ്പെട്ട് വിജയ് ബാബു മാറി നിൽക്കുന്നുവെന്ന ഒരു വരി സംഘടനയുടെ പത്രകുറിപ്പിൽ ഉണ്ടായിരുന്നുവെങ്കിൽ യാതൊരു പരാതിയും ഇല്ല. വിജയ് ബാബു എങ്ങനെയെങ്കിലും മാറി നിന്നാൽ മതിയെന്ന് ചിന്തിക്കുന്നവർ ഐ സി സിയിലും ഉണ്ടെന്നും മാലാ പാർവ്വതി പറഞ്ഞു. ട്വന്റി ഫോർ ന്യൂസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു മാലാ പാർവ്വതി. നടിയുടെ വാക്കുകളിലേക്ക്

'ഇന്റേണൽ കമ്മിറ്റി ശരിക്കും അമ്മയ്ക്ക് ആവശ്യമില്ലായിരുന്നു സുപ്രീം കോടതി പറഞ്ഞത് അനുസരിച്ച് ഒരു കമ്മിറ്റി ഉണ്ടാക്കി. അതിൽ കുറേ ആളുകളെ ഉൾപ്പെടുത്തി. ഞങ്ങൾക്കൊന്നും ഒരു താത്പര്യവും ഇല്ലാർന്നു. ഇവരെയൊക്കെ തിരുത്താമെന്നോ മനസ് മാറ്റാമെന്നോ സ്ത്രീപക്ഷം ആക്കാമെന്നോ ഒന്നും ഞാനൊന്നും വ്യക്തിപരമായി വിശ്വസിക്കുന്നില്ല.

'ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുമ്പോൾ പോഷ് ആക്ട് പ്രകാരം എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നുള്ള വ്യക്തമായ മാനദണ്ഡം തന്നിട്ടുണ്ട്. ഒരു പരാതി ഉണ്ടാകുമ്പോൾ പോലീസ് എങ്ങനെ ഇടപെടുന്നു കേസ് എടുക്കുന്നു എന്നത് പോലെ ഞങ്ങളുടെ മുന്നിലെത്തുന്ന പരാതികളിൽ എത്തരത്തിലാണ് ഇടപെടേണ്ടതെന്നുള്ളത് വ്യക്തമായി ഉണ്ട്.അത് പഠിച്ചതിന് ശേഷമാണ് ഇതിൽ ഇടപെട്ടത്'.

'വിജയ് ബാബുവിന്റെ ഭാഗം തേടാൻ അയാൾ നാട്ടിലുണ്ടായിരുന്നില്ല. ഇരയുടെ പേര് പറയാൻ പാടില്ലെന്നാണ് നിയമം എന്നിരിക്കെ അയാൾ ഇരയുടെ പേര് പറഞ്ഞു. അതിൽ രണ്ട് വശമില്ല. അമ്മ ആവശ്യപ്പെട്ട് വിജയ് ബാബു മാറി നിൽക്കുന്നുവെന്ന ഒരു വരി സംഘടനയുടെ പത്രകുറിപ്പിൽ ഉണ്ടായിരുന്നുവെങ്കിൽ യാതൊരു പരാതിയും ഇല്ല.
വിജയ് ബാബു എങ്ങനെയെങ്കിലും മാറി നിന്നാൽ മതിയെന്ന് ചിന്തിക്കുന്നവർ ഐ സി സിയിലും ഉണ്ട്. എന്നാൽ എന്റെ നിലപാട് അതല്ല'.

'ഐസി പോലുള്ള കമ്മിറ്റികൾ ഒരു സംഘടനയിൽ വരുമ്പോൾ സ്ത്രീപക്ഷ നിലപാടുകൾ എത്ര ശരിയായ രീതിയിൽ എടുക്കുന്നുവെന്നും എത്രത്തോളം സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് അതിൽ കുറേ പേരെ നിയമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് കുറ്റാരോപിതനായ വിജയ് ബാബുവിനെ മാറ്റി നിർത്തണമെന്ന് അമ്മയോട് ആവശ്യപ്പെട്ടത്.
ക്രൈം നമ്മുടെ കൺമുന്നിൽ നടന്നതാണ്. ഇരയുടെ പേര് പറഞ്ഞതാണ്. അതിനെ പോലും അബദ്ധം കാണിച്ചതാണെന്ന തലത്തിലൊക്കെ കുറച്ച് കാണിക്കുകയാണെങ്കിൽ നമ്മൾ കണ്ടിട്ടില്ലാത്ത ഇടത്ത് നടന്ന കുറ്റത്തെ ഇവർ എത്രത്തോളം അംഗീകരിക്കും? നാളെ ഇതിലും വലിയ വിഷയം വരാം. ഇതിലും വലിയ ആളുകൾ കുറ്റം ചെയ്യാം'.

'അമ്മ സംഘടനയിൽ ചിലർ പുരുഷാധിപത്യ നിലപാട് കാണിക്കുന്നവരാണ്. സംഘടനയെ നിയന്ത്രിക്കുന്ന ചിലർ സ്ത്രീ വിഷയങ്ങൾ മനസിലാകാത്തവരാണെന്നും മാലാ പാർവ്വതി പറഞ്ഞു. 26 വൈകുന്നേരമാണ് വിജയ് ബാബു ഫേസ്ബുക്കിലെത്തി ഇരയുടെ പേര് ഉറക്കെ പറഞ്ഞത്. അത് ഐപിസി പ്രകാരം കുറ്റമാണ്. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് അത് പറഞ്ഞത്'.

'പോളിസി ഇംപ്ലിമെന്റേഷന്റെ ഭാഗമായി ഏപ്രിൽ 27 ന് ഞങ്ങൾ കമ്മിറ്റി അംഗങ്ങൾ യോഗം ചേരുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തു. ചർച്ചയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കാൻ പറയണം എന്നതായിരുന്നു ഒറ്റക്കെട്ടായി എടുത്ത തിരുമാനം. തുടർന്ന് 30 ന് വീണ്ടും യോഗം ചേർന്നു. വിജയ് ബാബു കുറ്റാരോപിതാനാണെങ്കിലും ഇരയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തണം എന്നതാണ് ആവശ്യം എന്ന് സംഘടനയെ അറിയിച്ചു'.

'ഇരയുടെ പേര് പറയാൻ പാടില്ലെന്നത് നിയമം ആണ്. ആ ക്രൈം ഞങ്ങൾ കണ്ടതാണ്. ഐ സി സി പറഞ്ഞത് അനുസരിച്ചാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നത്. എന്നാൽ ഐസിക്ക് എന്ത് റോളാണ് എന്നതായിരുന്നു കമ്മിറ്റിയിലെ ചർച്ച. ഒടുവിൽ ആക്ഷൻ ഒന്നും വേണ്ട എന്ന നിലയിൽ എത്തി നിന്നു ചർച്ച. തുടർന്ന് ബാബു രാജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അമ്മയെ സ്ത്രീസൗഹൃദ ഇടമായി നിലനിർത്തേണ്ടത് അനിവാര്യമാണ് അതുകൊണ്ട് എന്റെ രാജി സ്വീകരിക്കുന്നതിൽ തെറ്റില്ലല്ലോയെന്നായിരുന്നു ബാബു രാജ് പറഞ്ഞത്'.

'അങ്ങനെ ഒരു സമ്മർദ്ദം ശക്തമായപ്പോഴാണ് എന്നാൽ വിജയ് ബാബുവിൽ നിന്നും സ്വമേധയാ മാറി നിൽക്കുന്നുവെന്ന് വ്യക്തമാക്കി കൊണ്ടുള്ള കത്ത് വാങ്ങിക്കാമെന്ന് തിരുമാനിക്കുന്നത്. അങ്ങനെയാണ് മാറ്റി നിർത്തുന്നത്. അതൊരിക്കലും ഒരു അച്ചടക്ക നടപടിയായില്ലെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. നമ്മളോട് നടപടി ഉറപ്പ് ചെയ്യുകയും മറ്റൊരു കാര്യം നടപ്പാക്കുകയും ചെയ്തതോടെ ഐസിക്ക് അവിടെ റോൾ ഇല്ലാതായി'.












Click it and Unblock the Notifications