ഇന്ന് വിജയദശമി: അറിവിന്റെ ആദ്യാക്ഷര മധുരം നുണഞ്ഞ് പതിനായിരക്കണക്കിന് കുരുന്നുകള്‍
കോഴിക്കോട്: ഇന്ന് വിജയദശമി. സംസ്ഥാനത്തിനെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. ക്ഷേത്രങ്ങള്‍ സാംസ്കാരിക സ്ഥാപനങ്ങള്‍, പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം വിദ്യാരംഭം ചടങ്ങ് നടക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ പുലർച്ചയോടെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. വിദ്യാരംഭം പ്രമാണിച്ച് വലിയ തിരക്കാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പല ക്ഷേത്രങ്ങളിലും നേരത്തെ തന്നെ ബുക്കിങും ആരംഭിച്ചിരുന്നു.

പതിവ് പോലെ തന്നെ കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തില്‍ പുലർച്ചെ നാല് മണി മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്നും ഇത്തവണ ഇരുപതിനായിത്തിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യാക്ഷരം കുറിക്കുമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചത്.
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങിലേക്ക് ആയിരക്കണക്കിന് രക്ഷിതാക്കളാണ് തങ്ങളുടെ മക്കളുമായി ചടങ്ങിനായി എത്തിക്കൊണ്ടിരിക്കുന്നത്.
സരസ്വതീ ക്ഷേത്രങ്ങളിലാണ് പ്രധാനമായും വിദ്യാരംഭം നടക്കുക. ക്ഷേത്രങ്ങള്‍ക്ക് പുറമെ തിരൂർ തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഗുരുവായി നിശ്ചിയിക്കുന്നയാളുടെ മടിയില്‍ ഇരുന്ന്, തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് ആദ്യാക്ഷരം കുറിക്കും. പിന്നെ പൊന്നു തൊട്ട് നാവിലും അക്ഷരം മധുരം പകരും.
നവരാത്രി ദിനാഘോഷങ്ങളിലെ ഏറ്റവും അവസാനത്തെ ദിനവുമാണ് വിജയദശമി. തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയമായിട്ടാണ് വിജയദശമി ദിനം ആഘോഷിക്കുന്നത്. അതോടൊപ്പം തന്നെ ധർമ്മം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മഹിഷാസുരനെതിരെ ദുർഗ്ഗാദേവി നേടിയ വിജയത്തേയും ഈ ദിനത്തില്‍ അനുസ്മരിക്കുന്നു.
അതേസമയം, രാഷ്ട്രപതി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി തുടങ്ങിയവർ വിജയദശമി-ദസ്റ ആശംസകള്‍ നേർന്നു. ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന ആഘോഷ പരിപാടികളില്‍ മൂവരും പങ്കെടുത്തു. "ഡൽഹിയിൽ നടന്ന വിജയ ദശമി പരിപാടിയിൽ പങ്കെടുത്തു. നമ്മുടെ തലസ്ഥാനം രാംലീലയിൽ പാരമ്പരാഗതമായി നടന്നു വരുന്ന അതിമനോഹരമായ പരിപാടികൾക്ക് പേരുകേട്ടതാണ്. അവ വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഊർജ്ജസ്വലമായ ആഘോഷങ്ങളാണ്." പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.












Click it and Unblock the Notifications