ഭീകര താഴ്ചയുള്ള കിണറില്‍ അനിയന്‍; പിന്നാലെ എടുത്തുചാടി രക്ഷിച്ച് എട്ടുവയസുകാരി, ദിയയാണ് താരം
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ദിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ദിയ. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹോദരന്‍ കിണറ്റില്‍ വീണതെന്ന് ദിയ പറയുന്നു. കിണറിന് സമീപത്തുള്ള മോട്ടോറില്‍ കയറിയതോടെയാണ് അനിയന്‍ കിണറ്റില്‍ വീണത്. വെള്ളത്തില്‍ എന്തോ തെറിച്ച് വീഴുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ അനിയന്‍ കിണറ്റില്‍ കിടക്കുന്നതാണ് കണ്ടത്.

ഉമ്മ ആള്‍ക്കാരെ വിളിച്ചിട്ട്, ഇത്തിരി നേരം കഴിഞ്ഞാണ് വന്നത്. അതിന് മുമ്പേ ഞാന്‍ കിണറ്റിലിറങ്ങിയിരുന്നു. ഞാന്‍ രക്ഷിക്കാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി, അവനെ എടുത്തോണ്ട് നിക്കുവായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദിക്കാരന്‍ അങ്കിളും കുറച്ച് ആള്‍ക്കാരുമൊക്കെ വന്നത്. ഹിന്ദിക്കാരന്‍ അങ്കിള്‍ അപ്പുറത്തെ വീട്ടില്‍ നിന്ന് കയറ് മേടിച്ച് കൊണ്ടുവന്നു. കിണറ്റിനകത്തേക്ക് ഇറങ്ങി അനിയനെ എടുത്തുകൊണ്ടു പോകുകയായിരുന്നു.
അതിന് ശേഷം എനിക്ക് കയറിട്ട്, ഞാന്‍ അതില്‍ പിടിച്ച് കയറിവരികയായിരുന്നു. അനിയന്റെ നെറ്റിയുടെ ഭാഗത്തും കയ്യുടെ ഭാഗത്തും ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. അനിയന്‍ കിണറ്റിന്റെ ഏറ്റവും താഴെ പോയിരുന്നു. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. അവന്‍ കയ്യിട്ട് ഇടിക്കുകയായിരുന്നു.
ആ സമയത്ത് തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല, അനിയനെ രക്ഷിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ ആ സമയത്ത് കരയുകയായിരുന്നു. അപ്പോഴേക്കും ആള്‍ക്കാരൊക്കെ വന്നായിരുന്നു. എനിക്കൊന്നും പറ്റിയിരുന്നില്ല, അനിയനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും ദിയ പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തോടായിരുന്നു ദിയയുടെയും കുടുംബത്തിന്റെയും പ്രതികരണം.
കുഞ്ഞ് വീണെന്ന് സഹോദരി പറഞ്ഞപ്പോള്‍ അടുത്തുള്ള കുളത്തിലാണെന്നാണ് കരുതിയതെന്ന് മാതാവ് ഷാജില പറഞ്ഞു. എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് കിണറ്റിലാണ് വീണതെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ മകള്‍ പൈപ്പ് വഴി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്ന് ഷാജില പറയുന്നു. രണ്ട് പേരെയും ജീവനോടെ തിരിച്ചു കിട്ടിയത് വലിയ ഭാഗ്യമാണെന്ന് പിതാവ് സനല്‍ പറഞ്ഞു. രണ്ട് പേരുടെയും ജീവന്‍ അപകടത്തിലായിരുന്നു. ചിലപ്പോള്‍ ഞങ്ങളുണ്ടെങ്കില്‍ അത് സമ്മതിക്കില്ലായിരുന്നെന്ന് പിതാവ് പറഞ്ഞു.












Click it and Unblock the Notifications