'ഇനിയും കളി ബാക്കിയുണ്ട്'; ആ കളി കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്, അടങ്ങാത്ത സന്തോഷം
കാസര്‍കോട്: ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് ഏറ്റ പരാജയം അര്‍ജന്റീന ആരാധകര്‍ എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ടാണ് അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. അപ്രതീക്ഷിത തോല്‍വി ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നിരാശ പങ്കുവച്ചിരുന്നു.

പരാജയത്തിന് പിന്നാലെ പല അര്‍ജന്റീനിയന്‍ ആരാധകരും കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കട്ട ഫാനാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. ഇനിയും കളി ബാക്കിയുണ്ട്. കഴിഞ്ഞിട്ടില്ല എന്നായിരുന്നു നിബ്രാസ് കരഞ്ഞുകൊണ്ട് പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയതിന് പിന്നാലെ നിബ്രാസിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിനെ തേടിയെത്തിയിരിക്കുന്നത്. പയ്യന്നൂരിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലേക്ക് പോകാനുള്ള അവസരങ്ങള്‍ ഒരുക്കുന്നത്.

തന്റെ കുടുംബക്കാരെല്ലാം അര്‍ജന്റീന ആരാധകരാണെന്ന് നിബ്രാസ് പറയുന്നു. പ്രിയപ്പെട്ട താരം മെസിയുമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നിബ്രാസിന് ഫുട്‌ബോളിനോട് താല്‍പര്യമുണ്ട്. അന്നത്തെ വീഡിയോ കണ്ട് ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും ഒരുപാട് പേര്‍ വിളിച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മെസിയെ നേരിട്ടു കാണുകയെന്ന് നിബ്രാസ് പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിബ്രാസ്. ഉപ്പയും ഉപ്പയുടെ അനിയന്മാരുമാണ് നീിബ്രാസിന് ഫുട്‌ബോളിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. മെസിയെ കാണാന്‍ പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിബ്രാസ് പറഞ്ഞു.

അതേസമയം, ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മെസിയുടെ അര്‍ജന്റീന. ഡിസംബര്‍ ഒന്നിനാണ് പോളണ്ടിനെതരായ മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.












Click it and Unblock the Notifications