വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാനാകില്ലെന്ന് ഹൈക്കോടതി, നിർമ്മാണം തടസപ്പെടുത്തരുതെന്നും നിർദേശം
എറണാകുളം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്ന് ഹൈക്കാടതി.മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും പദ്ധതി തടസപെടുത്തരുതെന്നും കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.
പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധിക്കാം പക്ഷേ നിർമ്മാണം തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്ന് നിർദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. ഉപരോധ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്ന് മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങളാണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പോലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.

വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം.

വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.വിഴിഞ്ഞം സമരത്തെ തള്ളി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സമരം നടത്തുന്നത് വിഴിഞ്ഞം സ്വദേശികൾ അല്ലെന്നും, മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തുറമുഖം നിർമ്മാണം നിർത്തിവെക്കാനാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലും നേരത്തെ സഭയിൽ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനും സമരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications