വാഴത്തോട്ടം വെട്ടിനിരത്തി!!! മുഖ്യമന്ത്രി പിണറായി വിജയന് സുധീരന്റെ വക പരാതിക്കെട്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം, സംസ്ഥാനത്താകെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇപ്പോഴിതാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും ശേഷവും നടന്ന സിപിഎം അക്രമങ്ങളുടെ പട്ടികയെടുത്ത് മുഖ്യമന്ത്രിക്ക് വലിയൊരു പരാതികെട്ട് അയച്ചിരിക്കുകയാണ് വിഎം സുധീരന്‍.(വിഎം സുധീരൻ പിണറായി വിജയന് അയച്ച കത്ത് വായിക്കാം)
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസ്ഥാനത്ത് ഒട്ടേറെ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് - യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് സുധീരന്റെ ആരോപണം.

കണ്ണൂരുമുതല്‍ തിരുവനന്തപുരം വരെ ജില്ല തിരിച്ച് അക്രമങ്ങളുടെ വിവരണങ്ങളാണ് പരാതിയിലുള്ളത്. ആയുധം കൊണ്ടുള്ള വെട്ടും കുത്തും മാത്രമല്ല വാഴ വെട്ടിയതു വരെ ലിസ്റ്റിലുണ്ട്. കണ്ണൂരില്‍ കാറ് കത്തിക്കലും ബോബേറും കടതല്ലിപ്പൊട്ടിക്കലുമൊക്കെയാണ് നടന്നത്. ഭീഷണിപ്പെടുത്തലും മര്‍ദ്ദനവും സിപിഎം തുടരുകയാണെന്നും പരാതിയിലുണ്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും വ്യാപക അക്രമമുണ്ടായി. ഓരോ സംഭവങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്. ആലപ്പുഴയിലാണ് സിപിഎമ്മുകാര്‍ വെട്ടിനിരത്തില്‍ നടത്തിയത്. കായംകുളം മണ്ഡലത്തില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ പുന്നാശേരി കോയക്കുട്ടി മുസ്ലിയാരുടെ മകന്‍ താഹയുടെ രണ്ട് ഏക്കര്‍ വാഴക്കൃഷി നശിപ്പിച്ചു.

അക്രമങ്ങള്‍ തുടര്‍ന്നിട്ടും സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് സുധീരന്‍ പറയുന്നത്. എല്ലാവരെയും ഒന്നായി കാണുമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രത്യാശയോടെയാണ് കണ്ടത്. എന്നാല്‍ ഇതിനനുസൃതമായ തുടര്‍നടപടികള്‍ ഒന്നും കൈക്കൊണ്ടതായി കാണുന്നില്ല. ഇത് തികച്ചും ഖേദകരമാണെന്നും സുധീരന്‍ പിണറായിക്കയച്ച കത്തില്‍ പറയുന്നു.












Click it and Unblock the Notifications