കേരളത്തിന്റെ സമര ശൗര്യം നൂറാണ്ടിലേക്ക്: വിഎസ് അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാള്‍
തിരുവനന്തപുരം: കേരളത്തിന്റെ 'സമര യൗവനം' വിഎസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസിന് ഇന്ന് 99-ാം പിറന്നാള്‍. 97 വയസ്സുവരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പൂർണ്ണ വിശ്രമത്തിലാണ്. 2019 ഒക്ടോബർ 24 മുതലാണ് ഡോക്ടർമാർ വിഎസിന് പൂർണ്ണ വിശ്രമം നിർദേശിച്ചത്.

പാർട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും നിരന്തരം പോരാട്ടത്തിന്റെ വഴിവെട്ടിത്തെളിച്ച നേതാവായിരുന്നു വിഎസ്. പാർട്ടി സെക്രട്ടറിയായ പിണറായിയും മുഖ്യമന്ത്രിയായി വിഎസും പരസ്പരം പോർവിളികളുമായി കളം നിറഞ്ഞ കാലമായിരുന്നു 2006 മുതല്‍ 2011 വരെ. 2011 ലും 2016 ലും പാർട്ടി വിഎസിന് ടിക്കറ്റ് നിഷേധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പാർട്ടിക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോരാനുള്ള ധൈര്യം സി പി എം രാഷ്ട്രീയത്തില്‍ വിഎസ് അല്ലാതെ മറ്റൊരു നേതാവിനും ഉണ്ടാവുകയുമില്ല. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസ് അച്യുതാനന്ദനാണ്.

1923 ഒക്ടോബർ 20 നാണ് പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. കയർ ഫാക്ടറയില്‍ തൊഴില്‍ ചെയ്യുന്ന കാലത്ത് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നുകൊണ്ടാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള കടന്നുവരവ്. ട്രേഡ് യൂണിയന്‍ പ്രവർത്തന രംഗത്തും സജീവമായ വിഎസ് 1940 ലാണ് കമ്മ്യൂസ്റ്റ് പാർട്ടി മെമ്പറാവുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ പി കൃഷ്ണപ്പിള്ളയാണ് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് പറഞ്ഞ് വിടുന്നത്. ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരത്തില്‍ പങ്കെടുക്കവെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് പൂഞ്ഞാറിലേക്ക് ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലാവുകയും ക്രൂരമായ മർദ്ദനത്തിന് ശേഷം നാല് വർഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായി. 1964 ല്‍ സി പി എം രൂപീകരിക്കപ്പെട്ടപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗമായി. അതേവർഷം തന്നെ പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1970 വരെ ആ പദവിയില്‍ തുടർന്നു.

1980 മുതല്‍ 91 വരേയുള്ള കാലയളവിലായി മൂന്ന് തവണയാണ് വിഎസ് സി പി എം സംസ്ഥാന സെക്രട്ടറിയായത്. 86 ല്‍ പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ല്‍ കേരളത്തിലെ വിഭാഗീയത ശക്തമായപ്പോള്‍ പിണറായിക്കൊപ്പം തന്നെ വിഎസിനേയും പിബിയില്‍ നിന്നും മാറ്റി നിർത്തുകയായിരുന്നു. ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച അദ്ദേഹം 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായും 1992-1996, 2001-2006, 2011-2016 പ്രതിപക്ഷ നേതാവായും പദവിയിലിരുന്നു. 1996 ല്‍ മാരാരിക്കുളത്ത് നിന്നുള്ള വിഎസിന്റെ തോല്‍വി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ സംഭവമാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലയളവില്‍ സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷ പദവിയും വിഎസ് വഹിച്ചു.












Click it and Unblock the Notifications