വിടി ബൽറാമും ശബരീനാഥും വേണം; കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി..ഹൈക്കമാന്റിന് പരാതി പ്രളയം
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തം. പട്ടികയിൽ മറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്റിന് പരാതി പ്രവാഹമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഗ്രൂപ്പ് വീതം വെയ്പ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെ സ്വയം ഗ്രൂപ്പുകൾ ഉണ്ടാക്കി തങ്ങളുടെ അനുയായികളെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുകയാണെന്ന ആക്ഷേപമാണ് പരാതിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

കാര്യശേഷി മാത്രം പരിഗണിച്ചാകും ഇത്തവണ അധ്യക്ഷൻമാരെ നിയമിക്കുകയെന്നായിരുന്നു തുടക്കത്തിൽ പുതിയ കെപിസിസി നേതൃത്വം അവകാശപ്പെട്ടത്. വനിതകൾക്കും യുവാക്കൾക്കും അർഹമാ പ്രാതിനിധ്യം നൽകുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ അനർഹരെ കുത്തിനിറച്ചുള്ളതാണ് ഇപ്പോഴത്തെ പട്ടികയെന്നാണ് ആക്ഷേപം. മാത്രമല്ല യുവാക്കൾക്ക് പരിഗണന ലഭിച്ചില്ലെന്ന കടുത്ത വിമർശനവും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.

കോൺഗ്രസിൽ തലമുറ മാറ്റം എന്ന ആവശ്യം ശക്തമാകുമ്പോഴും ഇത് പരിഗണിക്കാതെ 70 കഴിഞ്ഞവരെ നിയമിച്ചതിനെതിരേയും നേതാക്കൾ പരാതിപെടുന്നു. നിലവിൽ തിരുവനന്തപുരത്ത് പരിഗണിക്കുന്ന പാലോട് രവി, കൊല്ലത്തെ രാജേന്ദ്ര പ്രസാദ്, വയനാട്ടിലേക്ക് പരിഗണിക്കുന്ന എൻഡി അപ്പച്ചൻ എന്നിവർ 70 വയസിന് മുകളിലുള്ളവരാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഇതിൽ പാലോട് രവിയ്ക്കെതിരെ ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്റർ പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ബിജെപി ബന്ധമുള്ള നേതാവാണ് രവിയെന്നാണ് ജില്ലാ ഘടകത്തിൽ നിന്നുള്ള നേതാക്കളുടെ ആക്ഷേപം. മാത്രമല്ല കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിച്ച നേതാവ് കൂടിയാണ് രാവിയെന്നും പോസ്റ്ററിൽ വിമർശനം ഉണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കമാന്റിന് ഇമെയിൽ വഴിയുള്ള പരാതികളും നേതാക്കൾ അയച്ചിച്ചടുണ്ട്. തിരുമാനം പുന;പരിശോധിക്കണെന്നും ഇല്ലേങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

തിരുവനന്തപുരത്ത് യുവ നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പാലക്കാട് വിടി ബൽറാമിനെ ഒഴിവാക്കിയതിനെതിരേയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള സമ്മർദ്ദങ്ങൾ ഉണ്ട്. നേരത്തേ ചർച്ചകൾ ആരംഭിച്ചപ്പോൾ രണ്ട് എംഎൽഎമാരുടേയും പേരുകൾ പരിഗണിച്ചിരുന്നു. പിന്നീട് അന്തിമ ചർച്ചയിലായിരുന്നു പേരുകൾ ഒഴിവാക്കപ്പെട്ടത്. അതിനിടെ ഗ്രൂപ്പ് വീതം വെയ്പ്പുകൾക്ക് കൂട്ടുനിൽക്കില്ലെന്ന പറഞ്ഞ തങ്ങളുടെ നിലയിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കി ഇഷ്ടക്കാരെ നിയമിച്ചെന്നും പരാതികളിൽ പറയുന്നു. കെ സുധാകരൻ, വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവരെ പരോക്ഷമായി കുറ്റപ്പെടുത്തിയാണ് പരാതി.

ഗ്രൂപ്പ് അതീതമായി വേണം പുതിയ പട്ടികയെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വനിതാ പ്രതിനിധ്യവും ദളിത് പ്രാതിനിധ്യവും ഇല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നേരത്തേ കൂടുതൽ വനിതകൾ ഉണ്ടാകുമെന്ന പ്രഖ്യാപിച്ച കെപിസിസി നിലനിൽ ഉള്ള വനിതാ നേതാവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും അതേസമയം പകരം ഒരാളെ പോലും ഉൾപ്പെടുത്താത്തതിനെതിരേയും നേതാക്കൾ ചോദ്യം ഉയർത്തുന്നുണ്ട്.
Recommended Video

മൂന്ന് നായർ സമുദായാംഗങ്ങൾ, അഞ്ച് പേർ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന്, മുസ്ലീം വിഭാഗത്തിൽ നിന്നും രണ്ട് പേർ എന്നിങ്ങനെയാണ് ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചവർ. ഈ സമുദായങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുമ്പോൾ ദളിത് വിഭാഗത്തിലുള്ളവരെ മാത്രം മാറ്റി നിർത്തുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കമാന്റിന് അയച്ച പരാതികളിൽ പറയുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് പട്ടിക മാറ്റാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സോണിയാ ഗാന്ധിയാണ് അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത്. ഇപ്പോൾ ആക്ഷേപങ്ങൾ പരിഹരിച്ചില്ലേങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കും. എന്തായാലും അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications