ഇതൊക്കെ അഭിനന്ദിക്കണം; സിപിഐഎം പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിച്ച് വിടി ബല്‍റാം
പാലക്കാട്: ചൈനീസ് അനുകൂല നിലപാടിനെതിരെ സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിച്ച് മുന്‍ എം എല്‍ എ വി ടി ബല്‍റാം. 'ചൈന തള്ളു'കളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് അത് തള്ളിക്കളഞ്ഞ പാര്‍ട്ടിക്കകത്തെ അപൂര്‍വ്വം വിവേകശാലികള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ പ്രതികരണം. ഇതിന്റെ പേരില്‍ പാറശാല ഏരിയ കമ്മിറ്റിക്കാരെ ട്രോളുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പാറശ്ശാല ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചത്.

ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ ചൈന എങ്ങനെ കമ്മ്യൂണിസ്റ്റ് രാജ്യമാകുമെന്നും കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്ന കുറ്റപ്പെടുത്തലുമുണ്ടെന്നും പാറശ്ശാല ഏരിയ കമ്മിറ്റി ഉന്നയിച്ചു. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണെന്നും പാറശാല ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ചൈനാ നിലപാടില്‍ എസ് ആര്‍ പിയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സി പി ഐ എം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനാണ് സി പി ഐ എം നീക്കമെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം തന്നെ ചൈന കൈയ്യേറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ഐ എം നിലപാടെന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ടെന്നും അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി പി ഐ എമ്മിനെ നിയന്ത്രിക്കുന്നതെന്നും സതീശന്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications