'പ്രതിയുമായി അമ്മ ലൈംഗികവേഴ്ച നടത്തി, മക്കളെ ഉപദ്രവിക്കാന്‍ കൂട്ടുനിന്നു'; വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം
കൊച്ചി: പ്രമാദമായ വാളയാര്‍ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐ കുറ്റപത്രം. കേസിലെ ഒന്നാം പ്രതിയുമായി മക്കളുടെ മുന്നില്‍ വെച്ച് ലെംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടികളെ പ്രതി ലൈംഗികമായി ചൂഷണം ചെയ്തത് മാതാപിതാക്കളുടെ അറിവോടെയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അമ്മ കൂട്ടുനില്‍ക്കുകയായിരുന്നു. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്.

കൊച്ചി സിബിഐ കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ നീതി തേടി കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ആണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതി മദ്യവുമായി വീട്ടില്‍ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു എന്നും ഇവരുടെ ഭര്‍ത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ചൂഷണം ചെയ്തു.
ഇതിന് അമ്മ സാക്ഷിയായിരുന്നു. ഈ സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛനും ഇതേ കാഴ്ച കണ്ടു. ഈ സംഭവം പൊലീസിനോട് മാതാപിതാക്കള്‍ പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകള്‍ മരിച്ചിട്ടും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നു. കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്.
2017 ജനുവരി 13ന് ആണ് വാളയാറില്‍ 14 കാരിയായ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. 52 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് ഒമ്പത് വയസുള്ള ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടര്‍ന്ന് അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്.
പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് ആരോപിച്ച് വാളയാറിലെ അമ്മയുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ തല മുണ്ഡനം ചെയ്തും പ്രതിഷേധഇച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications