വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ ആകും കോണ്‍ഗ്രസ് മല്‍സരിപ്പിക്കുക; പ്രതീക്ഷ പങ്കുവച്ച് എപി വിഭാഗം
കോഴിക്കോട്: സംസ്ഥാനത്തെ പ്രായംകുറഞ്ഞ ലോക്‌സഭാ മണ്ഡലമാണ് വയനാട്. ആദ്യ രണ്ട് തവണയും വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് ആയിരുന്നു. ആദ്യം നേരിയ ഭൂരിപക്ഷത്തിലും 2014ല്‍ വന്‍ ഭൂരിപക്ഷത്തിലും ഷാനവാസ് തിരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ഷാനവാസിന്റെ വിയോഗ ശേഷം ടി സിദ്ദിഖിന്റെ പേരായിരുന്നു ചര്‍ച്ചയില്‍. പക്ഷേ, രാഹുല്‍ ഗാന്ധി എത്തിയതോടെ എല്ലാം മാറി.
ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മല്‍സരിച്ചത്. യുപിയിലെ അമേഠില്‍ രാഹുല്‍ ഗാന്ധിയുടെ നില പരുങ്ങലിലുമായിരുന്നു. അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ കൈവിട്ടപ്പോള്‍ ആ വര്‍ഷം വയനാട്ടിലുള്ളവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. രാഹുല്‍ തരംഗത്തില്‍ കേരളത്തിലെ 19 മണ്ഡലങ്ങളില്‍ യുഡിഎഫ് മികച്ച വിജയം നേടി.

2024ല്‍ വയനാട്ടിലും റായ്ബറേലിയിലുമാണ് രാഹുല്‍ ഗാന്ധി മല്‍സരിച്ചത്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയ സാഹചര്യത്തിലാണ് റായ്ബറേലി മണ്ഡലത്തില്‍ രാഹുലിനെ ഇറക്കിയത്. എസ്പിക്കൊപ്പം സഖ്യമുണ്ടാക്കി മല്‍സരിച്ച കോണ്‍ഗ്രസ് തന്ത്രം ഉത്തര്‍ പ്രദേശില്‍ ഫലം കണ്ടു. കോണ്‍ഗ്രസ് മല്‍സരിച്ച 17ല്‍ ആറ് സീറ്റിലും ജയിച്ചു.
റായ്ബറേലിയും വയനാടും മികച്ച വിജയം നേടിയ രാഹുല്‍ ഗാന്ധി കണ്‍ഫ്യൂഷനിലാണ്. ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഉത്തര്‍ പ്രദേശില്‍ സജീവമാകുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തി വയനാട് രാജിവയ്ക്കുമെന്നാണ് വിവരം. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും.
രണ്ട് മണ്ഡലങ്ങളില്‍ ജയിക്കുന്നവര്‍ ഏതെങ്കിലും ഒരു മണ്ഡലം 14 ദിവസത്തിനകം രാജിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നാണ് നിയമം. ഇതുപ്രകാരം രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിക്കേണ്ട സമയം അടുത്തു. വയനാട് അദ്ദേഹം ഒഴിയുമെന്ന് ഏകദേശ ധാരണയായതിനാല്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ആറ് മാസം സമയമുണ്ടെങ്കിലും ആര് മല്‍സരിക്കുമെന്ന ചര്‍ച്ചയ്ക്ക് ഇപ്പോള്‍ തന്നെ ചൂടുപിടിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വോട്ടര്‍മാക്ക് സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാണ്. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും വയനാട് നോട്ടമുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത്.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റിലുള്ളതിനാല്‍ താന്‍ മല്‍സരിക്കുന്നില്ല എന്നാണ് നേരത്തെ പ്രിയങ്ക സ്വീകരിച്ചിരുന്ന നിലപാട്. ഇതില്‍ മാറ്റം വരുത്തി പ്രിയങ്ക വയനാട് എത്തിയാല്‍ അവര്‍ തന്നെ മല്‍സരിക്കും. അല്ലെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടി വരും. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായതിനാല്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ തന്നെയാകും മല്‍സരിപ്പിക്കുക എന്നാണ് എപി വിഭാഗം നേതാവും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ കാന്തപുരം എപി അബ്ദുല്‍ ഹക്കീം അസ്ഹരി പ്രതികരിച്ചത്. നേരത്തെ വയനാട് മുസ്ലിം സ്ഥാനാര്‍ഥി ജയിച്ചിരുന്നതും നിലവില്‍ ലോക്‌സഭയില്‍ മുസ്ലിം അംഗങ്ങളുടെ കുറവുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications