പ്രിയപ്പെട്ടവരെ കാത്ത് അയൂബ്; ഉരുൾപൊട്ടലിൽ കാണാതായത് കുടുംബത്തിലെ 50 പേരെ
കല്പറ്റ: വയനാട് ഉരുൾപൊട്ടൽ കനത്ത നാശമാണ് വിതച്ചത്. ഇരുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടമായി. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് പലരും. പലരും തങ്ങളുടെ പ്രിയപ്പെട്ടവർ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
മേപ്പാടി കമ്യൂണിറ്റി സെന്ററിലേക്ക് ഓരോ തവണ ആംബുലൻസ് വരുമ്പോഴും കാത്തിരിക്കുകയാണ് അയൂബ്. കുടുംബത്തിലെ 53 - 54 പേരാണ് മുണ്ടക്കൈ ഉണ്ടായിരുന്നത് എന്ന് അയൂബ് പറയുന്നു. 9 പേരെ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്, എന്നും അയൂബ് പറയുന്നു. തങ്ങളുടെ ബന്ധുക്കളുടേത് മാത്രമായി 9- 10 വീട് പൂർണമായി പോയെന്നും അയൂബ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 243 ആയി ഉയർന്നു. രണ്ട് ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയ പറഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ദുരന്തഘട്ടത്തിൽ ഉരുൾപൊട്ടിയതിന്റെ സമീപ സ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാംപുകളിലേക്ക് മാറ്റിയത്. അതിൽ 75 പുരുഷന്മാർ, 88 സ്ത്രീകൾ 43 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ 1386 തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന്റെ ഫലമായി രക്ഷിക്കാനായി.
അതിൽ 528 പുരുഷന്മാർ, 559 സ്ത്രീകൾ, 229 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്കായി മാറ്റി. ഇതിൽ 207 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലവിൽ 90 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ 82 ക്യാമ്പുകളിലായി 8017 പേരാണ് ഉള്ളത് . ഇതിൽ 19 പേർ ഗർഭിണികളാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് മുൻപ് നമ്മുടെ നാട് അനുഭവിച്ചിട്ടില്ലാത്ത അത്രയും വേദനാജനകമായ കാഴ്ചയാണ് വയാനാട്ടിലെ ദുരന്തഭൂമിയിലുണ്ടായത്. ഉരുൾപാെട്ടലിനെ തുടർന്ന് ഈ രണ്ട് പ്രദേശങ്ങളും പൂർമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications