അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്, കോണ്‍ഗ്രസിന്റെ വമ്പന്‍ നീക്കം; വാക്‌പോര് കനക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. രാജ്യസഭയിലെ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ കുറ്റപ്പെടുത്തിയിരുന്നു നേരത്തെ അമിത് ഷാ. കേരളം കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചെന്നായിരുന്നു രാജ്യസഭയില്‍ അമിത് ഷാ പഞ്ഞത്.
കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയറാം രമേശാണ് അവകാശലംഘനത്തിന് അമിത് ഷായ്‌ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ നോട്ടീസില്‍ പറയുന്നു. ആഭ്യന്തര മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും ജയറാം രമേശ് ആരോപിച്ചു.

ദിഗ്വിജയ് സിംഗും ചേര്‍ന്നാണ് അമിത് ഷായ്‌ക്കെതിരെ നോട്ടീസ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്. ഒരു മന്ത്രിയോ സഭാംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹോളനമാണെന്നും നോട്ടീസില്‍ പറയുന്നു. കനത്ത മഴകാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്.
ഒരാഴ്ച്ച മുമ്പ് തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെ തള്ളി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നിരുന്നു. കേന്ദ്രം പ്രവചിച്ചതില്‍ അധികം മഴ പെയ്തുവെന്നും, കേന്ദ്ര കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടില്‍ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, ശ്രദ്ധിച്ചിരുന്നെങ്കിലും മരണസംഖ്യ കുറയ്ക്കാനാവുമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍ കേരളത്തെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞിരുന്നു. ഇതിനെയായിരുന്നു മുഖ്യമന്ത്രി തള്ളിയത്. വയനാട്ടില്‍ റെഡ് അലര്‍ട്ട് നല്‍കിയത് ഉരുള്‍പ്പൊട്ടല്‍ ദുരന്തം വിതച്ച ജൂലായ് മുപ്പതിന് അതിരാവിലെയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവ് മൃത്യുഞ്ജയ് മൊഹപത്രയും സ്ഥിരീകരിച്ചിരുന്നു.
അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസും ഇത്തരമൊരു നീക്കം നടത്തിയത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. റെഡ് അലര്‍ട്ട് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.
അതേസമയം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കോണ്‍ഗ്രസിന് മറുപടി നല്‍കിയിരുന്നു. ജൂലായ് 23 മുതല്‍ 29 വരെ കനത്ത മഴ വയനാട് അടക്കമുള്ള മലയോര പ്രദേശങ്ങളില്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഉരുള്‍പ്പൊട്ടല്‍ അടക്കമുള്ള ദുരന്തത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications