അവിടെയായിരുന്നു എന്റെ വീട്..: ബാക്കിയായത് ഇവറ്റകള്‍ മാത്രമാണ്; എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല
മുണ്ടക്കൈയിലെ ദുരന്തഭൂമിയിലേക്ക് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് യൂസഫ്. വീട് നിന്നിരുന്ന പ്രദേശത്ത് ഇപ്പോള്‍ കാണാനുള്ളത് ചളികൂമ്പാരമാണ്. ദൂരെ മാറി നിന്ന് എല്ലാം നോക്കിക്കാണുന്നതിന് ഇടയിലാണ് എവിടെ നിന്നോ രണ്ട് പോത്തുകള്‍ യൂസഫിന്റെ അരികിലേക്ക് എത്തുന്നത്. അദ്ദേഹം വളർത്തിയിരുന്നവയായിരുന്നു ആ നാല്‍ക്കാലികള്‍. ഇവ എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ലെന്നാണ് യൂസഫ് വണ്‍ഇന്ത്യ മലയാളത്തോട് പറയുന്നത്.
അപ്പോഴേക്കും മറ്റ് ചില പോത്തുകളും യൂസഫിന് ചൂറ്റുംകൂടി. അയല്‍വാസിയായ ബാപ്പൂട്ടി എന്നയാളുടെതാണ് അവറ്റകള്‍. ബാപ്പൂട്ടിയും കുടുംബവുമൊക്കെ ദുരന്തത്തില്‍ പെട്ടുപോയി. കുറച്ചുപേരുടെയൊക്കെ മൃതദേഹം കിട്ടി. ബാക്കിയുള്ളവരൊക്കെ ഇപ്പോഴും കാണാമറയത്ത്. ഇതിനെയെല്ലാം ഇനി ആരെയാണ് ഏല്‍പ്പിക്കുകയെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്ന് യൂസഫ് പറയുന്നു. ഏതെങ്കിലും ബന്ധുക്കളൊക്കെയുണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കേണ്ടി വരുമെന്നും പറഞ്ഞ് അദ്ദേഹം നെടുവീർപ്പിട്ടു.

'പോത്തുംകുട്ടികളെ എന്തായാലും ഇവിടുന്ന് എങ്ങോട്ടേലും മാറ്റണം. ഇല്ലെങ്കില്‍ നരിപിടിച്ച് കൊണ്ടുപോയി കളയും. എനിക്ക് നാല് പോത്തുകള്‍ ഉണ്ടായിരുന്നതാണ്. രണ്ടെണ്ണത്തിനെ താഴെ കാണുന്ന ാ വയലില്‍ നിന്നും നരിപിടിച്ചതാണ്. നരിയും മാനും ആനയുമൊക്കെയുണ്ട് ഇവിടെ. താഴെ ഒരുവീടിന് താഴെ മൂന്ന് മാനുകള്‍ ചത്തുകിടക്കുന്നത് കാണാം.
ആ മാന്തിയ സ്ഥലത്തായിരുന്നു എന്റെ വീട്. അതിന് താഴോട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികളായിരുന്നു. അതിലുള്ള കുറെയാളുകളൊക്കെ മരിച്ച് പോയി എൻ്റെ വീടിന് മുകളിലോട്ടാണ് ബാക്കിയുള്ള വീടുകളൊക്കെ സ്ഥിതി ചെയ്തിരുന്നത്. എല്ലാം പോയി. മഴ പെയ്യുന്നത് കണ്ട് പകല്‍ തന്നെ ഞങ്ങള്‍ താഴേക്ക് പോയിരുന്നു. രാത്രിയല്ലേ ഇതൊക്കെ സംഭവിക്കുന്നത്.' യൂസഫ് പറയുന്നു.
പെങ്ങളും മക്കളുമൊക്കെ അവരുടെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യകൊണ്ട് രക്ഷപ്പെട്ടു. അവരുടെ വീടിന്റെ ഒരു ഭാഗമാണ് ഉരുള്‍പൊട്ടലില്‍ പോയത്. നേരം വെളുക്കുന്നത് വരെ വീടിന്റെ ഒരു മൂലക്ക് നിന്നാണ് അവർ കഴിച്ചുകൂട്ടിയത്. കുടുംബക്കാരൊക്കെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ എല്ലാവരും കുടുംബക്കാർ തന്നെ. പുറമക്കാർ എന്നൊന്നും പറയാന്‍ സാധിക്കില്ല. ജാതിയും മതമൊന്നും നോക്കാതെ സ്നേഹിച്ച് നടന്നിരുന്നവരാണ് എല്ലാവരും.
ജേഷ്ഠന്റെ വീട് പുഞ്ചിരിമട്ടത്തായിരുന്നു. അവർ രക്ഷപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടിയ ഉടനെ അവർ റിസോർട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട് ജീവന്‍ ബാക്കിയായി. കുറേയാളുകള്‍ ക്യാമ്പിലും ചിലരൊക്കെ കുടുംബക്കാരുടെ വീട്ടിലുമായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications