'ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് വനംവകുപ്പ്, അതും ജീപ്പിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ'; പ്രദീപ് കുമാർ
വയനാട്: മുണ്ടക്കൈ-ചൂരൽമല മേഖലയെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന്റെ ആദ്യഘട്ടം മുതൽ വനംവകുപ്പ് കൃത്യമായ ഇടപെടൽ നടത്തിവരികയാണെന്ന് മുണ്ടക്കൈ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ വൺഇന്ത്യ മലയാളത്തോട്. മേഖലയിൽ ആദ്യമെത്തിയതും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും വനംവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ദൗത്യസംഘവുമായി സഹകരിച്ച് പ്രവർത്തികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുൾപൊട്ടൽ ആദ്യമറിഞ്ഞതും ഇടപെടൽ നടത്തിയതും വനംവകുപ്പാണെന്ന് അദ്ദേഹം പറയുന്നു. വനമേഖലയിലെ നൈറ്റ് പട്രോളിംഗ് സമയത്താണ് ആദ്യ സൂചനകൾ കണ്ട് തുടങ്ങിയതെന്നും പിന്നാലെ ചൂരൽമല പ്രദേശത്തേക്ക് തിരിച്ചെന്നും അവിടെ എത്തിയപ്പോഴാണ് ആദ്യം ഉരുൾപൊട്ടൽ ഉണ്ടായതെന്നും പ്രദീപ് കുമാർ പറഞ്ഞു.

'ഏറ്റവും ആദ്യം മുതൽ വനം വകുപ്പാണ് ഇതിൽ ഇടപെടൽ നടത്തിയത്. മറ്റുള്ള ആളുകൾ അറിയുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവിടേക്ക് എത്തി. നൈറ്റ് പട്രോളിംഗ് ഉണ്ടായിരുന്നു അന്ന് രാത്രി. സംഭവം നടക്കുന്ന സമയത്ത് ഞങ്ങളുടെ ടീം ആ ഭാഗത്ത് ഉണ്ടായിരുന്നു. ആ സമയത്താണ് പുഴയിലെ വെള്ളം കലങ്ങിയതായി മനസിലാക്കിയത്.' അദ്ദേഹം പറഞ്ഞു.
'ചൂരൽമല ടൗണിൽ കുറെ പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് ഞങ്ങൾ ഇക്കാര്യം അറിയിച്ചിരുന്നു. വെള്ളം കയറിയിട്ടുണ്ടെന്നും ശ്രദ്ധിക്കണമെന്നും എല്ലാവരോടും പറഞ്ഞിരുന്നു. ചൂരൽമലയിലെ പാലം കടന്ന് ഞങ്ങൾ ഒരൽപം മുന്നോട്ട് പോവുമ്പഴേക്ക് തന്നെ ആദ്യത്തെ ഉരുൾപൊട്ടൽ നടന്നിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ അതായിരുന്നു കാഴ്‌ച' പ്രദീപ് കുമാർ പറയുന്നു.
'ഉടൻ തന്നെ പോയ വാഹനം തിരികെ വന്നു. പിന്നെ ഞങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. ആ സമയത്ത് ഒരു മനുഷ്യൻ പോലും അവിടേക്ക് എത്തിയിരുന്നില്ല. പിന്നീട് ഞങ്ങൾ തന്നെയാണ് പലയിടത്തും വിളിച്ച് ആളുകളെ സംഘടിപ്പിക്കുന്നത്' അദ്ദേഹം വ്യക്തമാക്കി.
'അപ്പോൾ തന്നെ നാൽപ്പത്തിയഞ്ചോളം പേരെ ഞങ്ങൾ രക്ഷപ്പെടുത്തിയിരുന്നു. ഉടൻ തന്നെ രണ്ടാമത്തെ ഉരുൾപൊട്ടലും ഉണ്ടായി. അധിക സമയം എടുത്തിരുന്നില്ല അതിന്. രണ്ടാമത്തെ ഉരുൾപൊട്ടൽ വന്നതോടെ എല്ലാവരും ഓടുകയായിരുന്നു. രക്ഷാപ്രവർത്തനം പോലും നടത്താൻ കഴിയാത്ത സ്ഥിതി ആയിരുന്നു അപ്പോൾ അവിടെ. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുപോയി എല്ലാവരും' ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ചൂണ്ടിക്കാട്ടി.
'ആദ്യഘട്ടം മുതൽ ഞങ്ങൾ ഇവിടെയുണ്ട്, അതെ നിൽപ് തന്നെയാണ് ഇപ്പോഴും തുടരുന്നത്. നിലവിൽ കാട്ടിനുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കാനുള്ള സാധ്യത ഇല്ല. അത് ട്രൈബൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഞങ്ങൾ ഉറപ്പ് വരുത്തിയിരുന്നു. ആറംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സൂചിപ്പാറ പരിസരത്ത് നിന്ന് രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്' പ്രദീപ് കുമാർ തുടർന്നു.
'വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ ഇവിടെയുണ്ട്, മന്ത്രിയുണ്ട്. എല്ലാവരും മുഴുവൻ സമയവും ഇതിനായി തന്നെ ചിലവഴിക്കുകയാണ്. പ്രദേശവാസികളുമായും ആളുകളുമായും എന്നും നമ്മൾക്കുള്ള നല്ല ബന്ധമുണ്ടല്ലോ. അതുകൊണ്ട് എന്ത് തന്നെ വന്നാലും ഇവിടെ തന്നെ നിൽക്കാനാണ് തീരുമാനം' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications