ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ; പാറക്കൂട്ടങ്ങൾ ഒഴുകിയത് എട്ട് കിലോമീറ്ററെന്ന് ഇസ്രോ
ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്‌തി വെളിവാക്കുന്ന ഉപഗ്രഹ ചിത്രവും ആഘാത ഭൂപടവും പുറത്തുവിട്ട് ഐഎസ്ആർഒ. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1550 മീറ്റർ ഉയരത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിന്റെ വ്യാപ്‌തി ഏകദേശം 86,000 ചതുരശ്ര മീറ്റർ ആണെന്നും ഇസ്രോ നൽകിയ വിവരങ്ങളിൽ നിന്ന് മനസിലാക്കാം.
2023 മെയ് 22-ന് കാര്‍ടോസാറ്റ് മൂന്ന് പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്‌ച റിസാറ്റ് പകര്‍ത്തിയ ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1984ൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം തന്നെയാണ് ഇപ്പോഴത്തെ പ്രഭവകേന്ദ്രമെന്നാണ് ഇസ്രോ വ്യക്തമാക്കുന്നു. പാറക്കൂട്ടവും മണ്ണും ഇരവഴിഞ്ഞി പുഴയുടെ കരകൾ കവർന്നുവെന്നാണ് ഇസ്രോ റിപ്പോർട്ടിൽ പറയുന്നത്. പുഴക്കരയിൽ ഉണ്ടായിരുന്ന വീടുകൾക്ക് കേടുപാട് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

Image Courtesy: ISRO/NRSC
ഹൈദരാബാദിലെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഉപഗ്രഹങ്ങളുടെ ഇമേജിംഗ് വഴി തയ്യാറാക്കിയതാണ് ഈ ആഘാത ഭൂപടം. ഇതിലാണ് നാല് പതിറ്റാണ്ട് മുൻപ് ഇതേ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രവും ഇപ്പോഴത്തെ ദുരന്തത്തിന്റെ തുടക്കവും തമ്മിൽ അധിക ദൂരമില്ലെന്ന് കാണിക്കുന്നത്.
ചൂരൽമല ടൗണിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്നുണ്ടായ വലിയ അവശിഷ്‌ടങ്ങളുടെ ഒഴുക്കാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് എൻആർഎസ്‌സി റിപ്പോർട്ട് പറയുന്നു. ഭാവിയിലെ ദുരന്ത-അപകട സാധ്യതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഇപ്പോഴത്തെ ഉപഗ്രഹ ചിത്രവും ആഘാത ഭൂപടവും.
1984 ജൂലൈ ഒന്നിനായിരുന്നു മുണ്ടക്കൈയിൽ മുൻപ് ഉരുൾപൊട്ടൽ ഉണ്ടായത്. സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടില്ലാതിരുന്ന കാലത്ത് നടന്ന അപകടത്തിൽ പതിനാല് പേർക്കാണ് ജീവൻ നഷ്‌ടമായത്. അന്ന് മുണ്ടക്കൈ മേഖലയിൽ ഇന്നത്തെ അത്രയും ജനസംഖ്യയും ആളുകൾ തിങ്ങി നിറഞ്ഞു പാർക്കുന്ന സാഹചര്യവും ഇല്ലാതിരുന്നതാണ് വ്യാപ്‌തി കുറയാൻ കാരണം.
അതേസമയം, രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി എന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്ത് വച്ച് സൈന്യം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. കൂടുതൽ പേർ സമാനമായി ജീവനോടെ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ തിരച്ചിൽ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.












Click it and Unblock the Notifications