മുണ്ടക്കൈ ഉരുൾപൊട്ടൽ; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ സൈന്യം ഉൾപ്പെടെ തിരച്ചിൽ ശക്തമാക്കും
വയനാട്: മുണ്ടക്കൈ മേഖലയിൽ വ്യാപക നാശം വിതച്ച ഉരുൾപൊട്ടലിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാദൗത്യം ഇന്ന് താൽക്കാലികമായി നിർത്തിവച്ചു. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളെയും ഇന്ന് രക്ഷപ്പെടുത്തിയത്. മൃതദേഹങ്ങളും ഇവിടെ നിന്ന് താഴേക്ക് മാറ്റിയിരുന്നു.
നാളെ രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പുനരാരംഭിക്കാനാണ് തീരുമാനം. ഇന്ന് രാത്രിയും കാലാവസ്ഥയെയും പ്രതികൂല സാഹചര്യങ്ങളെയും വകവെക്കാതെയാണ് രക്ഷാപ്രവർത്തകർ ദൗത്യത്തിനായി ഇറങ്ങിയത്. ഇതോടെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട് കഴിഞ്ഞ നിരവധി പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു.

ഇന്ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണിക്കൂറുകളായി കുടുങ്ങി കിടന്നവരെയാണ് സൈന്യവും ഫയർഫോഴ്‌സും ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുത്തിയത്. വെളിച്ചകുറവ് തടസമായെങ്കിലും അതിന്റെയൊന്നും വകവയ്ക്കാതെ ആയിരുന്നു ദൗത്യം നടന്നത്. പരമാവധി ആളുകളെ ഇന്ന് തന്നെ ഇവിടെ നിന്ന് പുറത്തുകടത്തുക എന്നതായിരുന്നു ലക്ഷ്യം.
ചൂരൽമലയിൽ നിർമ്മിച്ച താൽക്കാലിക പാലത്തിലൂടെയാണ് ഇവരെ പുറത്തേക്ക് കടത്തിയത്. അഞ്ഞൂറിലധികം പേരെ ഈ താൽക്കാലിക പാലത്തിലൂടെ രക്ഷപ്പെട്ടത്. കണ്ണൂരിൽ നിന്നെത്തിയ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് ചൂരല്‍മലയില്‍ ചൊവ്വാഴ്‌ച രാത്രിയോടെ ഈ താൽക്കാലിക പാലം നിർമ്മിച്ചെടുത്തത്.
ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയത്. ഏറെ ശ്രമകരമായ ദൗത്യത്തിന് ഒടുവിലായിരുന്നു അവർക്ക് അവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. ഇതിന് പിന്നാലെ ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ നിന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് വടംകെട്ടി ഇവരെ പുഴയ്ക്ക് ഇപ്പുറം കടത്താനായിരുന്നു പദ്ധതി. എന്നാൽ ഇത് അപകടകരം ആണെന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു. ഇതോടെയാണ് ഇവിടെ താൽക്കാലിക പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തത്. തുടർന്ന് നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിലാണ് മേഖലയിൽ ഒരു താൽക്കാലിക പാലം നിർമ്മിച്ചത്.
തുടർന്ന് എല്ലാവരെയും വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും കുടുങ്ങി കിടന്നവരെ രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. എന്നാൽ വിവിധ ഇടങ്ങളിൽ ഇനിയും ധാരാളം പേർ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. നാളെ ദുരന്തഭൂമിയിൽ വിശദമായ തിരച്ചിൽ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാലാവസ്ഥ കൂടി അനുകൂലമായാൽ രക്ഷാപ്രവർത്തനം നന്നായി നടക്കും.












Click it and Unblock the Notifications