'രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം, കാഴ്‌ചകൾ വേദനാജനകം'; മൂന്ന് കോടി ധനസഹായം പ്രഖ്യാപിച്ച് മോഹൻലാൽ
വയനാട്: മുണ്ടക്കൈയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമെന്ന് നടൻ മോഹൻലാൽ. ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. നഷ്‌ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. ഇനി മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയെന്നും മോഹൻലാൽ പറഞ്ഞു.
കൂടാതെ ദുരന്തമേഖലയുടെ പുനരുദ്ധാരണത്തിനായി ധനസഹായം നൽകുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിൽ 3 കോടി നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും, വെള്ളാർമല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ അറിയിച്ചു.

എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി ഈ സംഘത്തിലെ അംഗമാണ് താനും. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താൻ വന്നതെന്നും മോഹൻലാൽ പറഞ്ഞു.
ബെയ്‌ലി പാലം വലിയ അത്ഭുതം തന്നെയാണ്. ഈശ്വരന്റെ സഹായം കൂടെ ഇത് യാഥാർത്ഥ്യമായതിന് പിന്നിലുണ്ടെന്ന് കരുതുന്നുവെന്നും താരം പറഞ്ഞു. തനിക്ക് ഇവിടെ ചിലരെ പരിചയമുണ്ടായിരുന്നു എന്നും മോഹൻലാൽ പറയുകയുണ്ടായി. ഒരുപാട് പേർക്ക് നിമിഷ നേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്‌ടമായി; മോഹൻലാൽ പ്രതികരിച്ചു.
ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ്, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, പോലീസ്, സന്നദ്ധ സംഘടനകൾ, ആശുപത്രികൾ, പ്രദേശവാസികൾ എന്നിങ്ങനെ ഒരു കല്ലെടുത്ത് മാറ്റി വയ്ക്കുന്ന ഒരു കുട്ടി പോലും ഇതിന്റെ ഭാഗമായി മാറുന്നുവെന്നും മോഹൻലാൽ ചൂണ്ടിക്കാണിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു.
അതേസമയം, സൈനിക യൂണിഫോമിലാണ് മോഹൻലാൽ ദുരിത ബാധിത പ്രദേശത്തേക്ക് വന്നത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യമെത്തിയത്. കോഴിക്കോട് നിന്ന് സൈനിക വാഹനത്തിലായിരുന്നു മോഹൻലാലിന്റെ യാത്ര. സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ദുരിതബാധിത മേഖലയായ മുണ്ടക്കൈ പുഞ്ചിരിമട്ടത്തേക്ക് യാത്ര തിരിച്ചത്.












Click it and Unblock the Notifications