വയനാടോ റായ്ബറേലിയോ? രാഹുലിന്റെ തീരുമാനം ഉടനറിയാം, പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ശക്തം
വയനാട്: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ട ശേഷവും ഉയരുന്ന പ്രധാന ചോദ്യമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തും എന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന വയനാട് മണ്ഡലമോ, ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ അടങ്ങിയ റായ്ബറേലിയോ? രണ്ടിൽ ഏത് മണ്ഡലം രാഹുൽ ഒഴിവാക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകില്ലെന്നാണ് ഇപ്പോഴത്തെ സൂചന. കാരണം ഫലം വന്ന് പതിനാല് ദിവസങ്ങൾക്കകം തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ ഈ കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. അതിന് മുൻപായി റായ്ബറേലിയാണോ, വയനാടാണോ നിലനിർത്തുക എന്ന കാര്യത്തിൽ രാഹുൽ അന്തിമ തീരുമാനം എടുക്കും.

ഉത്തരേന്ത്യൻ നേതാക്കൾ ഒന്നടങ്കം റായ്ബറേലി നിലനിർത്തണം എന്ന ആവശ്യമാണ് ഉയർത്തുന്നത്. അതിന്റെ പ്രധാന കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് യുപിയിലെ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റമാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യ സഖ്യം വൻ മുന്നേറ്റമാണ് നടത്തിയത്.
എന്നാൽ രാഹുൽ ജയിച്ച മണ്ഡലം രാജിവെച്ചാൽ അത് മോശം ഫലമായിരിക്കും ഇവിടെ ഉണ്ടാക്കുക എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ജയശോഭ അത് കെടുത്തുമെന്നും ചിലർ വാദിക്കുന്നുണ്ട്. കൂടാതെ ഗാന്ധി കുടുംബത്തിലെ പലരും മത്സരിച്ചു ജയിച്ച റായ്ബറേലിയെ അങ്ങനെ പെട്ടെന്ന് രാഹുലിനെ കൈവിടാൻ പറ്റില്ലെന്ന് പറയുന്ന ഒരു വിഭാഗവുമുണ്ട്.
എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വയനാട് നിലനിർത്തണം എന്ന ശക്തമായ ആവശ്യമാണ് ഉന്നയിക്കുന്നത്. മുൻപ് സ്‌മൃതി ഇറാനിയോട് തോറ്റ രാഹുലിന് ആശ്രയമായത് വയനാട് മണ്ഡലമാണ്. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് മണ്ഡലത്തെ ഒഴിവാക്കാൻ രാഹുലിന് കഴിയുകയില്ല. കൂടാതെ ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും തുടക്കം മുതലുള്ള പ്രചരണങ്ങൾ ശരിവയ്ക്കുന്നതാവും രാഹുൽ മണ്ഡലം ഒഴിഞ്ഞാൽ ഉണ്ടാവുന്ന അവസ്ഥ എന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വയനാട് ആയാലും റായ്ബറേലി ആയാലും രാഹുൽ ഒഴിവാക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന് ഇതിനോട് താൽപര്യമില്ലെങ്കിലും ഇക്കാര്യത്തിൽ പല നേതാക്കളും അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ ഇനി വയനാട്ടിൽ പ്രിയങ്ക എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
വായനാട്ടിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വടകര വിട്ട് തൃശൂർ എത്തിയ മുരളീധരൻ തിരഞ്ഞെടുപ്പിൽ തോറ്റതോടെ നേതൃത്വവുമായി അകൽച്ചയിലാണ്. ഇത് മാറ്റാനും മുരളീധരന് ഉറച്ച സീറ്റായ വയനാട് നൽകി കൂടെ ചേർക്കാനും നേതൃത്വത്തിന് താൽപര്യം ഉണ്ടെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications