വയനാട്ടില്‍ ദുരന്തത്തിലെത്തിച്ചത് നിര്‍ത്താതെയുള്ള മഴ, 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്റര്‍
മേപ്പാടി: വയനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് റെക്കോര്‍ഡ് മഴ. ഉരുള്‍പ്പൊട്ടലില്‍ വലിയ ദുരന്തം വയനാട് നേരിടുന്നതിനിടെയാണ് മഴ എത്രത്തോളം ഭീകരതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നത്. 24 മണിക്കൂറില്‍ ഒന്‍പതിടങ്ങളില്‍ മുന്നൂറ് മില്ലി മീറ്ററില്‍ ഏറെയാണ് പെയ്തത്.
മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിടി, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തെറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് 300 മില്ലിമീറ്ററിന് മഴ രേഖപ്പെടുത്തിയത്. ഇതില്‍ തെറ്റമലയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയില്‍ അധികം മഴയാണ് പലയിടത്തും ലഭിച്ചത്.

തിങ്കളാഴ്ച്ച 115 മില്ലിമീറ്റര്‍ മഴ മാത്രമാണ് തെറ്റമലയില്‍ പെയ്തത്. എന്നാല്‍ ചൊവ്വാഴ്ച്ചത്തെ കണക്കില്‍ മൂന്നര ഇരട്ടിയോളം അധികം മഴയാണ് ലഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴും തെറ്റമലയില്‍ തന്നെയാണ് കൂടുതല്‍ മഴ ലഭിച്ചത്.
അഞ്ച് ദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് തെറ്റമലയില്‍ പെയ്തത്. വയനാട്ടില്‍ കഴിഞ്ഞ നാല് ദിവസം കുറഞ്ഞ തോതിലാണ് മഴ പെയ്തത്. പക്ഷേ കഴിഞ്ഞ ഒറ്റരാത്രിയില്‍ കുത്തനെ മഴ ഉയരുകയായിരുന്നു. കുറഞ്ഞ സമയത്തിനിടെ ഇത്ര വലിയ മഴ പെയ്തതാണ് ചൂരല്‍മലയില്‍ ഉരുള്‍പ്പെട്ടി ഇത്ര വലിയ ദുരന്തമുണ്ടാവാന്‍ കാരണമായത്.
അതേസമയം വയനാട്ടിലെ സാഹചര്യങ്ങള്‍ ദുഷ്‌കരമായി തുടരുകയാണ്. മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരാണ് വലിയ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മരണം മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്ന് മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ വൈകാതെ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഇവിടെയുള്ള പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിരിക്കുകയാണ്. ഇവരെ ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുമുണ്ടെന്നാണ് റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്ന അസ്വാന്‍ മാതൃഭൂമിയോട് പ്രതികരിച്ചത്. മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലാണ് അസ്വാന്‍ ഉള്‍പ്പെടെയുള്ള നൂറ്റമ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നത്.
അതേസമയം ട്രീവാലി റിസോര്‍ട്ടിലേക്ക് സൈന്യം നീങ്ങി കൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ രക്ഷാപ്രവര്‍ത്തനം സാധ്യമാകും. ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത്.ഇവിടെ കുടുങ്ങിയിരിക്കുന്ന സംഘത്തില്‍ പ്രായമായവരും കുട്ടികളും സ്ത്രീകളും ഒരുപാട് രോഗികളും എല്ലാമുണ്ട്. ഇവര്‍ക്ക് എങ്ങോട്ടും പോകാന്‍ കഴിയുന്നില്ല.
ഒരു മുറിക്കുള്ളിലാണ് ഇവര്‍ തിങ്ങികഴിയുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം രാത്രം മുതല്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെ വരെ കാണാതായിട്ടുണ്ട്. നിലവില്‍ വളരെ ഗുരുതരമായി പരുക്കേറ്റവരുടെ മുറിവ് മാത്രമാണ് ക്ലീന്‍ ചെയ്യാന്‍ സാധിച്ചതെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ വലിയ ദുരന്തം കാണേണ്ടി വരുമെന്നാണ് റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ പറയുന്നത്.












Click it and Unblock the Notifications