പെട്ടെന്നുള്ള ദുരന്തത്തില്‍ പലരും തകര്‍ന്നിരിക്കുകയാണ്, നഷ്ടങ്ങള്‍ മാത്രമാണുള്ളതെന്ന് മുനവറലി
മുണ്ടക്കൈ: വളരെ മനസ്സലിയിക്കുന്ന കാഴ്ച്ചകളാണ് വയനാട്ടില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ഒരുപക്ഷേ ഇത്ര വലിയൊരു ദുരന്തം ആദ്യമായിട്ടായിരിക്കും ഉണ്ടായിരിക്കുന്നത്. ഇത്രയധികം ആളുകള്‍ മരിക്കുന്നതും ആദ്യമായിട്ടായിരിക്കും. ക്യാമ്പുകളിലും ആശുപത്രികളിലുമെല്ലാം പോയിരുന്നു. അവിടെ ഉറ്റവരെയും വേണ്ടപ്പെട്ടവരെയുമെല്ലാം നഷ്ടമായവരെയാണ് കാണാന്‍ കഴിഞ്ഞത്.
പലര്‍ക്കും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. വീടുകള്‍ നഷ്ടപ്പെട്ടു, പ്രതീക്ഷ വരെ നഷ്ടപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. എന്തു ചെയ്യണമെന്ന് പോലും പലര്‍ക്കുമറിയില്ല. കാരണം സന്തോഷത്തോടെ കിടന്നുറങ്ങിയ സാഹചര്യത്തില്‍ നിന്നാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് അവര്‍ എത്തിയതെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പലരും പെട്ടെന്നുള്ള ദുരന്തത്തിന്റെ ട്രോമ സ്‌റ്റേജിലാണ്. ഒരാളുടെ ഉമ്മ മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അത് അറിഞ്ഞിട്ടില്ല. ഉരുള്‍പ്പൊട്ടിയ ശബ്ദം കാതില്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
വലിയ പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സംഘടനകളും അതുപോലെ സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുസ്ലീം ലീഗും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഒരുപാടുണ്ട്. അവര്‍ക്ക് താമസിക്കാന്‍ വീടും, ജോലിയും, പഠനസൗകര്യവും ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.
ഇപ്പോഴും ഒരുപാട് മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടില്ല. അവരെ എല്ലാവരും കക്ഷിരാഷ്ട്രീയ ഭേദമ്യേന്യേ സഹായിക്കുകയാണ് വേണ്ടത്. ഈയൊരു സമയത്ത് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. ഈ ദുരന്തത്തെ രാഷ്ട്രീയമായി കാണാതെ, അതിന്റെ ആഘാതം മനസ്സിലാക്കി കൊണ്ട് സഹായിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.
ഇതൊരു ദേശീയ ദുരന്തം തന്നെയാണ്. അതിനെ അത്തരത്തില്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കണം. അവരെ പുനരധിവസിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ അതിന് മുന്‍കൈയ്യെടുക്കണം.
സംസ്ഥാന സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നിന്നാല്‍ മാത്രമാണ് പുനരധിവാസം സാധ്യമാകും. 670ഓളം വീടുകള്‍ പോയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വീട് നഷ്ടപ്പെട്ടവര്‍ എത്രയുണ്ടെന്ന് മനസ്സിലാക്കി കൊണ്ട് അവര്‍ക്ക് വേണ്ട പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് വലിയ സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കം ലഭിച്ചത്. മമ്മൂട്ടി, സൂര്യ, ജ്യോതിക, കാര്‍ത്തി, ഫഹദ് ഫാസില്‍, കമല്‍ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, എന്നിവരെല്ലാം സംഭാവന നല്‍കിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപയും, ഐബിഎം സീനിയര്‍ വൈസ് പ്രസിസന്റ് ദിനേഷ് നിര്‍മല്‍ 25 ലക്ഷം രൂപയും നല്‍കി.












Click it and Unblock the Notifications