'ഡബ്ല്യുസിസി ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു'; നടി രഞ്ജിനിയെ തള്ളി രേവതി
തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നടി രഞ്ജിനിയുടെ വാദം തള്ളി മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസി (വുമൺ ഇൻ കലക്‌ടീവ് സിനിമ). ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് നടപടി നീണ്ടപ്പോൾ മാറി നിന്നതാണെന്നും സംഘടനയിലെ മുതിർന്ന അംഗം കൂടിയായ രേവതിയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും രേവതി വ്യക്തമാക്കി.
ഹേമ കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ ചർച്ചകൾ വേണമെന്നും അഭ്യർഥിച്ചിരുന്നു. സംഘടന ഹേമ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് ഡബ്ല്യുസിസിയിലെ മുൻനിര പ്രവർത്തകരിൽ ഒരാളായ രേവതിയുടെ മറുപടി.

2019ലാണ് സംഘടന ഹേമ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതോടെ വീണ്ടും ആവശ്യം ഉന്നയിക്കാതെ മാറി നിൽക്കുകയായിരുന്നുവെന്നും രേവതി ചൂണ്ടിക്കാട്ടി. സംഘടനയിലെ അംഗം കൂടിയായ രഞ്ജിനിയുടെ നിലപാടിനെ എതിർക്കുന്നില്ലെന്നും ഈ സംഭവം മൂലം ഡബ്ല്യുസിസിയിൽ ഭിന്നത ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
റിപ്പോർട്ട് പുറത്തുവരണം എന്നതാണ് ആവശ്യം. ആരെയും മൊഴി നൽകാൻ നിർബന്ധിച്ചിട്ടില്ലെന്നും രേവതി പറഞ്ഞു. കമ്മിറ്റിയെ കുറിച്ച് സിനിമയിലെ വനിതകൾക്ക് വിവരം നൽകുകയും താത്പര്യമുള്ളവർക്ക് മൊഴിനൽകാമെന്ന് കാണിച്ച് ഫോൺനമ്പറും ഇ-മെയിൽ വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുകയാണ് ചെയ്‌തതെന്നും രേവതി പറഞ്ഞു.
മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് തുടക്കം മുതലേ സംഘടനാ ആവശ്യപ്പെട്ടിരുന്നു. മൊഴികൾ എങ്ങനെയാണ് പുറത്തുവരിക എന്നതിനെക്കുറിച്ച് ഡബ്ല്യുസിസിക്ക് ആശങ്കയില്ല. റിപ്പോർട്ട് പുറത്തുവരണം എന്നതാണ് ആവശ്യമെന്നും രേവതി കൂട്ടിച്ചേർത്തു. ഇതോടെ രഞ്ജിനിയുടെ വാദത്തെ പൂർണമായി തള്ളുകയാണ് ഡബ്ല്യുസിസി.
നേരത്തെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടി രഞ്ജിനി കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം വൈകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താൻ എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത വ്യക്തിയെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിനി കോടതിയെ സമീപിച്ചത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ ഇന്നാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശനിയാഴ്‌ച റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനം സർക്കാർ മാറ്റിവച്ചത്.












Click it and Unblock the Notifications