എഡിജിപിക്കെതിരെ എന്ത് നടപടി? മുഖ്യമന്ത്രി കടുത്ത സമ്മർദ്ദത്തിൽ; ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: ക്രമസമാധനചുമതലയിൽ നിന്നും എഡിജിപി എം ആർ അജിത്തിനെ മാറ്റണമെന്ന സമ്മർദ്ദം ശക്തമായിരിക്കെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം. എഡിജിപിക്കെതിരെ എന്ത് നടപടിയായിരിക്കും സ്വീകരിക്കുകയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.
അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ട് സർക്കാർ ഇദ്ദേഹത്തെ സംരക്ഷിക്കുന്നുവെന്ന സംശയമാണ് ഘടകകക്ഷികളായ സി പി ഐയും ആർ ജെ ഡിയും ഉയർത്തുന്നത്. നടപടി വൈകുന്നതിൽ സി പി എമ്മിലും അതൃപ്തി പുകയുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പി വി അൻവർ എം എൽ എ വീണ്ടും അജിത് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ഇനി എ ഡി ജി പിയെ സസ്പെന്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിനെതിരായ അന്വേഷണം നടത്തേണ്ടതെന്നായിരുന്നു അൻവർ പറഞ്ഞത്.

എ ഡി ജി പിക്കെതിരായ അന്വേഷണം 18 ദിവസം പൂർത്തിയായി കഴിഞ്ഞു. ഇനി 13 ദിവസം കൂടി അന്വേഷണത്തിന് സമയം ഉണ്ട്. അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള വിഷയങ്ങളിൽ ഈ അന്വേഷണം കഴിഞ്ഞിട്ട് നടപടിയെടുക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ഒരുപക്ഷെ ഘടകക്ഷികൾ അത് അംഗീകരിച്ചേക്കാം. എന്നാൽ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ വാദങ്ങളൊന്നും അംഗീകരിക്കാൻ ഘടകക്ഷികൾ തയ്യാറാക്കേണമെന്നില്ല. ഇനിയും സംരക്ഷണം തുടർന്നാൽ അത് മുന്നണിക്ക് കടുത്ത നാണക്കേട് ഉണ്ടാക്കുമെന്നാണ് സി പി ഐ മുന്നറിയിപ്പ് നൽകുന്നത്.
ഒക്ടോബർ നാലിന് നിയമസഭ സമ്മേളനത്തിന് തുടക്കമാവും. കടുത്ത നടപടികൾ എ ഡി ജി പിക്കെതിരെ സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇത് ആയുമാക്കിയേക്കും. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ഘടകക്ഷികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനിടെ എ ഡി ജിപിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണഅ വിവരം. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അജിത് കുമാറിന്റെ മൊഴിയെടുക്കും. മലപ്പുറത്തെ മാമിയുടെ തിരോധനം, സ്വർണം പൊട്ടിക്കൽ സംഘത്തെ സഹായിച്ചുവെന്ന കാര്യങ്ങളെല്ലാം തന്നെ ഡി ജി പി വിശദമായി പരിശോധിക്കും. അതേസമയം എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണ സംഘത്തെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്പി ജോൺകുട്ടിയാണ് നയിക്കുക. ആറ് മാസത്തിനുള്ളിലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കേണ്ടത്.












Click it and Unblock the Notifications