സ്വർണ്ണം ആരാണ് കയറ്റി അയച്ചത്? ആർക്കാണ് കൊണ്ട് വന്നത്: എന്തുകൊണ്ട് നിശബ്ദതയെന്ന് ആനാവൂർ
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും ചില കുത്തകമാധ്യമങ്ങളും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള പരിശ്രമം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനും മാസങ്ങൾക്ക് മുൻപേ സ്വർണ്ണ കള്ളക്കടത്തിന്റെ പേരിൽ ഈ കൂട്ടുകെട്ട് നടത്തിയ നാടകങ്ങൾ ജനങ്ങൾ വലിച്ചെറിഞ്ഞതാണ്. അത് വീണ്ടും ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. സ്വർണ്ണം ആരാണ് കയറ്റി അയച്ചത് ? ഇവിടെ അത് ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നത് ? ഈ പ്രധാനപ്പെട്ട വിഷയം സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ മൗനത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത് സംസ്ഥാനസർക്കാരിനെതിരെ ആഘോഷപൂർവം കൊണ്ടാടുന്ന മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ഈ ചോദ്യത്തിന് മുന്നിൽ നിശ്ശബ്ദരാണ്. തങ്ങൾ മുൻപ് ശർദ്ദിച്ച പലതും വീണ്ടും വിളമ്പാനുള്ള ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നത്. ഷാജ് കിരൺ എന്നയാൾ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയോട് ഫോൺ സംഭാഷണം നടത്തിയെന്ന ആഘോഷമാണ് ഏറ്റവും അവസാനത്തേത്. ഫോൺ ബോംബ് പൊട്ടിക്കും എന്ന ചിലരുടെ അവകാശവാദം അവസാനം നനഞ്ഞ പടക്കമായി. എന്നാലും വിടില്ല എന്ന പരിഹാസ്യമായ വാശിയിലാണ് മനോരമയും മാതൃഭൂമിയും. ഷാജ് കിരണിനെയും അയാളുടെ ഹീറോകളെയും അറിയില്ല എന്ന ഭാവമാണ് മനോരമയ്ക്ക്.

ഏഷ്യാനെറ്റിലും ജയ്ഹിന്ദിലും ജോലി ചെയ്തിരുന്ന ഷാജ് കിരണിന്റെ പ്രധാന ഹീറോ രമേശ് ചെന്നിത്തലയാണ്, കുമ്മനം രാജശേഖരനും ഹീറോയാണ് . അദ്ദേഹത്തിന്റെ പ്രഖ്യാപിത ശത്രു ആണ് പിണറായി വിജയൻ. ഷാജ് കിരണിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരതിയാൽ ഇതിലേയ്ക്ക് എത്താവുന്ന ഒട്ടേറെ ഫോട്ടോകളും കുറിപ്പുകളും കണ്ടെത്താം , പക്ഷെ മനോരമയ്ക്ക് ഇതൊന്നും അറിയില്ല. അങ്ങനെ ഒരാളെ മുഖ്യമന്ത്രിയുടെ ദൂതനായി വേഷം കെട്ടിക്കാനാണ് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കം ചില മാധ്യമങ്ങൾ ഇപ്പോൾ പരിശ്രമിക്കുന്നത്.
ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ
എച്ച് ഡി ആർ എസ് എന്ന ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സ്ഥാപനം, രാജ്യദ്രോഹികൾക്ക് താവളമാകുന്നതിൽ നമ്മുടെ മാധ്യമങ്ങൾക്ക് ഒരു കുണ്ഠിതവുമില്ല. ഇതേ സ്വപ്നാ സുരേഷ് മുൻപ് ഐടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാർക്കിൽ പ്രൈസ് വാട്ടർഹൌസ് കൂപെർസ് എന്ന കൺസൽട്ടന്സിയ്ക്ക് വേണ്ടി ജോലി ചെയ്തതിനെക്കുറിച്ച് മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ വാചാലമായ ചർച്ചകൾ നടത്തിയത് അവർ മറന്നാലും ജനം മറന്നിട്ടുണ്ടാവില്ലെന്നും ആനാവൂർ നാഗപ്പന്‍ വ്യക്തമാക്കുന്നു.
സ്വർണക്കടത്തടക്കമുള്ള രാജ്യദ്രോഹക്കുറ്റങ്ങളിൽ പ്രതിയായവർ പ്രൈസ് വാട്ടർഹൌസ് കൂപെർസ് എന്ന കൺസൽട്ടന്സിയ്ക്ക് വേണ്ടി എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യവുമായി ഉറഞ്ഞുതുള്ളിയവർക്ക്, കേന്ദ്രസർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന എച്ച് ഡി ആർ എസ് എന്ന സ്ഥാപനത്തിൽ ആ പ്രതികൾ ജോലിചെയ്യുന്നതിൽ ഒരു പരാതിയുമില്ല. ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തുന്നതുപോലെ തലപൂഴ്ത്തിയാൽ എല്ലാവരും ഇത് മറന്നുപോകും എന്നാണു കരുതുന്നതെങ്കിൽ, ജനം ഇത് മറക്കില്ല എന്ന് മാധ്യമങ്ങൾ ഓർക്കണം.
രാജ്യത്ത് മുഴുവൻ തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന് ഇവിടെ ഏത് വിധേനയും പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ഡലരൂപീകരണത്തിനു ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള തൃക്കാക്കര മണ്ഡലത്തിൽ, ട്വന്റി-ട്വന്റിയുടെയും ബിജെപിയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെ ഇത്തവണ നേടിയെടുത്ത വിജയം എൽഡിഎഫ് സർക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്തെന്നോക്കെ അവർ കൊട്ടിഘോഷിക്കാൻ ശ്രമിക്കുകയാണ്. കറന്റ് കട്ടുള്ള വീട്ടിൽ മണ്ണെണ്ണചിമ്മിനി ആശ്വാസമാണ്. രാജ്യം മുഴുവൻ കറന്റുകട്ടിൽ പെട്ടിരിക്കുന്ന കോൺഗ്രസിന് തൃക്കാക്കരയും ഈ നിലയിൽ ആഘോഷിക്കാം. തൃക്കാക്കരയിലെ ഫലം വന്ന ദിവസം ഉത്തരാഖണ്ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയത് 3,147 വോട്ടുകള്‍ മാത്രമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കാൻ പോയ പ്രിയങ്കാ ഗാന്ധിയ്ക്കും കോൺഗ്രസിനും നാണംകെട്ട തോൽവിയാണുണ്ടായത്. മത്സരിച്ച 403 സീറ്റിൽ എല്ലായിടത്തും തോറ്റു എന്ന് മാത്രമല്ല, കെട്ടിവെച്ച കാശും നഷ്ടപ്പെട്ടു എന്ന ലോകറെക്കോർഡാണ് അവിടെ സ്ഥാപിച്ചത്. കോൺഗ്രസിന്റെ ജീവൻ രക്ഷിക്കാൻ രാജസ്ഥാനിൽ ചിന്തൻ ശിബിർ എന്ന നാടകം കളിക്കുകയും, ഇതാ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് പ്രഖ്യാപിച്ചശേഷം കോൺഗ്രസിന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും ഒരു സംസ്ഥാനത്തിലെ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമടക്കമുള്ളവർ ബിജെപിയിലേക്ക് പോയ കാഴ്ചയാണ് നാം കണ്ടത്. മതനിരപേക്ഷത പ്രസംഗിക്കുന്ന ചിലർ ബിജെപിയിലേക്ക് മറുകണ്ടം ചാടുകയാണ്. രാജസ്ഥാനിൽ ഏറ്റവുമവസാനം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ, അവിടുത്തെ കോൺഗ്രസ് വിജയത്തിനുപിന്നിൽ സിപിഐ എം എംഎൽഎമാരുടെ വോട്ടാണ് നിർണായകമായത്. കോൺഗ്രസിനോട് ശക്തമായ അഭിപ്രായഭിന്നത നിലനിൽക്കെത്തന്നെ, ബിജെപിയ്ക്ക് എതിരായുള്ള മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ സിപിഐ എം പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോയി. എന്നാൽ ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലേയ്ക്ക് ക്ഷണിതാവായ നേതാവ് കൂറുമാറി ബിജെപിയ്ക്ക് വോട്ട് ചെയ്തു. വേറൊരു എംഎൽഎ വോട്ട് അസാധുവാക്കി. ഫലം, ബിജെപി ജയിച്ചു. ഹരിയാന കോൺഗ്രസിൽ കൂട്ടയടി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരളത്തിൽ ബിജെപി-ആർഎസ്എസ് ശക്തികളുടെ നാവായി സംസ്ഥാനകോൺഗ്രസ്സ് പ്രവർത്തിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ, പ്രതിപക്ഷ നേതാക്കന്മാരെ കീഴ്‌പ്പെടുത്താൻ ഇഡി അടക്കമുള്ള ഏജൻസികളെ കേന്ദ്രം യഥേഷ്ടം ഉപയോഗിക്കുന്നു എന്ന ആക്ഷേപം ശക്തിയായി ഉയർന്നു വരുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചു എന്ന പേരിൽ കൊൺഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ മൊഴി എടുക്കാൻ വിളിച്ചുവരുത്താൻ ഇഡി നോട്ടീസ് നൽകുക എന്ന അപഹാസ്യമായ നടപടി ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.
തങ്ങളുടെ പരമോന്നത നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇഡി നോട്ടീസ് നൽകിയതിനെതിരെ ഒരു പ്രകടനം പോലും കേരളത്തിൽ എവിടെയും നടത്താൻ കെപിസിസി തയാറായിട്ടില്ല. അവർക്ക് വേണ്ടത് പിണറായി വിജയനെ ആണ്. ഈ സർക്കാരിനെ അട്ടിമറിക്കൽ ആണ്. അതിനവർ ബിജെപിയോടും എസ് ഡി പി ഐ യോടും ആരോടും ഒപ്പം കൂടും. എല്ലാവിധ വർഗ്ഗീയശക്തികളും തങ്ങളുടെ കുടക്കീഴിൽ അണിനിരത്തുക എന്നതാണ് കോൺഗ്രസിന്റെ മോഹം. ഇത് കോൺഗ്രസ്സിന്റെ സർവനാശത്തിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർത്തു












Click it and Unblock the Notifications