ക്രൈസ്തവരുടെ വീട് കയറി, മുസ്ലിംങ്ങളെ എന്തിന് ഒഴിവാക്കി: മോദി മറുപടി പറയുമെന്ന് പ്രതീക്ഷ: സുധാകരന്‍
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കെ പി സി സി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുസ്ലീം വിഭാഗത്തോട് ഗുജറാത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി ചെയ്തു കൂട്ടിയ കൊടുംക്രൂരതകൾ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ ബി ജെ പി പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദർശിക്കാത്തതെന്ന് സുധാകരന്‍ കത്തിലൂടെ ചോദിക്കുന്നു. ക്രൈസ്തവർക്കെതിരെ ഉണ്ടായ ക്രൂരസംഭവങ്ങളിൽ പ്രധാനമന്ത്രിക്ക് മനഃസ്തപിക്കാനുള്ള സുവർണാവസരമാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വീടുകളിൽ ബിജെപിക്കാർ കയറിയിറങ്ങുന്ന അപൂർവ സാഹചര്യത്തിലാണല്ലോ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ബിജെപിയുടെ കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ് ഈ ഉദ്യമം എന്നാണ് അറിയുന്നത്. ഏറ്റവും ഒടുവിൽ കേട്ടത് മുസ്ലീംകളുടെ സന്ദർശനം ഒഴിവാക്കിയെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നിലധികമുള്ള ഒരു ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീസന്ദർശനത്തിൽനിന്ന് ഒഴിവാക്കിയതെന്ന് അങ്ങു കേരളത്തിലെത്തുമ്പോൾ വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

മുസ്ലീംജന വിഭാഗത്തോട് അങ്ങയുടെ സർക്കാരും പാർട്ടിയും ഗുജറാത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചെയ്തു കൂട്ടിയ കൊടുംക്രൂരതകൾ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ? അതോ അവർ മുഖംതിരിക്കുമെന്ന ഭയമാണോ? എൻആർസി നടപ്പാക്കൽ, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഗുജറാത്ത് കലാപം, അയോധ്യയിൽ രാമക്ഷേത്രനിർമാണം, ഏകീകൃത സിവിൽ നിയമം, ആൾക്കൂട്ട കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളിൽ നീതിനിർവഹണവും ക്ഷമായാചനവും ഇനി ആവർത്തിക്കില്ലെന്ന ഉറപ്പും നല്കിയാൽ അങ്ങയുടെ കേരള സന്ദർശനം ചരിത്രസംഭവമായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരിൽ ഒരൊറ്റ മുസ്ലീംപോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ? ബിജെപി ഭരിക്കുന്ന ഒന്നരഡസനോളം സംസ്ഥാനങ്ങളിലും ഇതുതന്നെയല്ലേ അവസ്ഥ? ഏറ്റവും കൂടുതൽ മുസ്ലീംകളുള്ള മൂന്നാമത്തെ രാഷ്ട്രമായ ഇന്ത്യ ഭരിക്കുന്ന അങ്ങയുടെ മന്ത്രിസഭയിൽ ഒരു മുസ്ലീം പ്രാതിനിധ്യം നല്കാമായിരുന്നില്ലേ? പ്രവാചകനെ അപമാനിച്ച ബിജെപി വക്താക്കളുടെ അധമത്വത്തിനെതിരേ ലോകവ്യാപകമായ പ്രതിഷേധം ഉയർന്നെങ്കിലും അങ്ങയുടെ ശബ്ദം ഉയർന്നില്ലല്ലോയോന്നും സുധാകരന്‍ പറയുന്നു.
കുരിശുമല കയറിയും അരമനകൾ കയറിയും ക്രൈസ്തവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന കേരള നേതാക്കൾ ക്രൈസ്തവരെ ശത്രുക്കളായി കാണുന്ന വിചാരധാരയിലെ ചിന്താധാരകളൊക്കെ തെറ്റാണെന്ന് പറയുന്നുണ്ട്. പക്ഷേ കേരളത്തിനു പുറത്ത് വിചാരധാരയിലെ വാക്കും വരികളും അച്ചട്ടായി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് കാണുന്നത്. സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരേ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട രാജ്യത്തെ 93 റിട്ട ഉന്നതോദ്യോഗസ്ഥർ എഴുതിയ കത്ത് അങ്ങ് തുറന്നുനോക്കുകപോലും ചെയ്തില്ലല്ലോ. കഴിഞ്ഞ ഫെബ്രുവരിയിൽ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധയോഗത്തിൽ ക്രൈസ്തവരുടെ 500 പള്ളികൾ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾ നിർത്താൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. മദർ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്നും കർണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നും ആവശ്യപ്പെടുന്നു.

ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതിലും അധഃസ്ഥിതരുടെ ഇടയിൽ അരനൂറ്റാണ്ടിലധികം പ്രവർത്തിച്ച ഫാ സ്റ്റാൻ സ്വാമിയെ 84-ാം വയസിൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു കൊന്നതിലും ഒരു ഖേദപ്രകടനം പോലും ഉണ്ടായില്ല. ക്രൈസ്തവർക്കെതിരേ ഉണ്ടായ ഇത്തരം കൂരസംഭവങ്ങളിൽ പ്രധാനമന്ത്രിക്ക് മനഃസ്തപിക്കാനുള്ള സുവർണാവസരമാണ് ഈ സന്ദർശനമെന്നും സുധാകരന്‍ പറയുന്നു.
റബറിന് 300 രൂപ വില കേന്ദ്രം തരുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം പ്രചരിപ്പിക്കുന്നത്. കോട്ടയത്തു നടന്ന റബർ കർഷക സമ്മേളനത്തിൽ പങ്കെടുക്കുകപോലും ചെയ്യാതെ കേന്ദ്രമന്ത്രി അവരെ വഞ്ചിച്ചു. അങ്ങേയറ്റം ദയനീയവാസ്ഥയിൽകൂടി കടന്നുപോകുന്ന റബർ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ കാണുന്നത്. യുവാക്കളെ സംഘടിപ്പിച്ചു നടത്തുന്ന യുവം പരിപാടിയിൽ പങ്കെടുക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുള്ള ഒരു സംസ്ഥാനത്താണ് അങ്ങുനില്ക്കുന്നതെന്ന സ്മരണ കൂടി ഉണ്ടായിരിക്കണം.
കേരളത്തിൽനിന്നുള്ള ലക്ഷക്കണക്കിനു യുവാക്കൾ അങ്ങയുടെ ആത്മസുഹൃത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലിരുപ്പു കാരണം സംസ്ഥാനം വിട്ടോടുമ്പോൾ യുവാക്കൾക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഞങ്ങൾ പ്രതീക്ഷിക്കട്ടെ. 9 വർഷം മുൻപ് കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് പ്രഖ്യാപിക്കുമെന്ന് ഒരു സ്വപനം ഞങ്ങൾ കാണുകയാണ്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ 9.79 ലക്ഷം തൊഴിലുകൾ നികത്തപ്പെടാതെ കിടക്കുന്നു. അഗ്നിവീർ പദ്ധതി സേനയിൽ നടപ്പാക്കിയതുമൂലം അവിടത്തെ സ്ഥിരംനിയമനങ്ങൾ ഇല്ലാതായി.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മൂർധന്യത്തിലെത്തി നില്ക്കുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറിയതോടെ അവിടെയുള്ള തൊഴിലവസരങ്ങളും കൊട്ടിയടച്ചു. 2019ൽ മാത്രം ബിഎസ്എൻഎൽ 1.15 ലക്ഷം പേരെ പിരിച്ചുവിട്ടു. യുപിഎ സർക്കാരിന്റെ നയങ്ങൾ തൊഴിൽപ്രദാനം ചെയ്യുന്നവ ആയിരുന്നെങ്കിൽ ജോലിയെല്ലാം വിഴുങ്ങുന്ന ബകനെപ്പോലെയാണ് അങ്ങയുടെ നയങ്ങളെന്നു ഖേദത്തോടെ ചൂണ്ടിക്കാട്ടട്ടെയെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications