മോദി എന്തുകൊണ്ട് സുരേഷ് ഗോപിയോട് ആ കാര്യം പറഞ്ഞില്ല? ദുരൂഹതയാരോപിച്ച് സിപിഎം
തിരുവനന്തപുരം: നിക്ഷേപകർക്ക് പണം തിരിച്ചുനൽകി ഇടപാട് സാധാരണനിലയിലായ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനെ വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് ബി പി ടെ കുഴൽപ്പണം മറച്ചുവയ്‌ക്കാനെന്ന് സി പി എം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറക്കിയ തൃശൂരിൽ അത് വീണ്ടും ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്. കൊടകര കുഴൽപ്പണ കവർച്ചക്കേസ് അന്വേഷിച്ച പൊലീസ് റിപ്പോർട്ടിൽ ബംഗളരുവിൽനിന്ന് കള്ളപ്പണം കടത്തിയതിൽ ബി ജെ പി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.
കൊടകര കേസ് സംബന്ധിച്ച റിപ്പോർട്ട് എൻഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റിനും നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടി രൂപയാണ് ബി ജെ പി സംസ്ഥാനത്ത് കള്ളപ്പണമായി ഒഴുക്കിയത്. 2021 ഏപ്രിൽ നാലിന് പുലർച്ചെ കൊടകരയിൽ കൃത്രിമ വാഹനാപകടമുണ്ടാക്കി കവർന്ന മൂന്നരക്കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അന്വേഷണത്തിലാണ് തെളിഞ്ഞത്. ആർക്കൊക്കെ, എവിടെവച്ച് പണം കൈമാറി എന്ന് ചാർട്ട് സഹിതം റിപ്പോർട്ട് കൈമാറിയിട്ട് രണ്ടരവർഷമായെങ്കിലും പ്രാഥമിക അന്വേഷണത്തിനുപോലും ഇഡി തയ്യാറായില്ല.

തെരഞ്ഞെടുപ്പ് അടുത്തതോടെ ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയെ പ്രധാനമന്ത്രി വിളിച്ച് കരുവന്നൂരിലെ നിക്ഷേപകർക്ക് പണം നൽകുമെന്ന് ഉറപ്പ് നൽകിയെന്ന വാർത്തയിലും ദുരൂഹതയുണ്ട്. കരുവന്നൂർ ഉൾപ്പെടുന്ന പ്രദേശം തൃശൂർ പാർലമെന്റ് മണ്ഡലത്തിലാണ്. തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ വിളിക്കാതെ ആലത്തൂരിൽ ഒരു ദിവസം മുമ്പ് മാത്രം പ്രഖ്യാപിച്ച സ്ഥാനാർഥിയോട് ഇക്കാര്യം പറഞ്ഞത് മറ്റുചിലതുകൂടി മറയ്ക്കാനും പ്രചാരണത്തിനുമായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ച തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം 15 കോടി രൂപയാണ് കള്ളപ്പണം ഇറക്കിയത്. കൊടകര കുഴൽപ്പണം അന്വേഷിച്ച പൊലീസ് ഇഡിക്ക് നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ ക്രമക്കേടിൽ മുഖ്യപ്രതികളായി ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ച മുൻ സെക്രട്ടറി ടി ആർ സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെ ഇഡി മാപ്പുസാക്ഷികളാക്കുകയും അന്വേഷണം വഴിതിരിച്ചുവിടുകയും ചെയ്‌തെന്നും സി പി എം ആരോപിക്കുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സ്‌പെക്ട്രം അഴിമതി നരേന്ദ്ര മോദി ഭരണകാലത്തും ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെന്നും സി പി എം ആരോപിക്കുന്നു. ഭാരതി എയര്‍ ടെല്‍ ഗ്രൂപ്പിന് ഉപഗ്രഹ സ്‌പെക്ട്രം ലഭിക്കാന്‍ ലേലപ്രക്രിയ ഒഴിവാക്കിയതോടെ ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത് 150 കോടി രൂപയാണ്. രണ്ടുഘട്ടമായാണ് ഭാരതി എന്റര്‍പ്രൈസസ് ബിജെപിക്ക് വേണ്ടി ഇലക്ടറല്‍ ബോണ്ട് വാങ്ങിയതെന്നും രേഖകളില്‍ വ്യക്തം.
പത്ത് വര്‍ഷം നീണ്ടുനിന്ന യുപിഎ സര്‍ക്കാരുകള്‍ക്ക് അന്ത്യം കുറിച്ചത് സ്‌പെക്ട്രെം അഴിമതി കുംഭകോണമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അനുവദിച്ച 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ 2012ല്‍ സുപ്രീംകോടതി അസാധുവാക്കി. സ്‌പെക്ട്രം വിതരണം ലേലപ്രക്രിയയിലൂടെ വേണമെന്ന് സുപ്രീംകോടതി കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തു. ഈ സ്‌പെക്ട്രം അഴിമതിയടക്കം ഉയര്‍ത്തിക്കാട്ടിയാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍, ഭരണത്തില്‍ എത്തിയതോടെ ബിജെപിയുടെ നിലപാട് മാറി. ഉപഗ്രഹ സ്‌പെക്ട്രത്തിന്റെ വിതരണത്തില്‍ ബിജെപി സര്‍ക്കാരും ലേലപ്രക്രിയ ഒഴിവാക്കി, വിതരണച്ചുമതല സര്‍ക്കാരിന്റെ ഉത്തരവാദിത്വമാക്കി മാറ്റി 2023 ഡിസംബറില്‍ പുതിയ ടെലികോം നിയമം പാര്‍ലമെന്റില്‍ തിരക്കിട്ട് പാസാക്കി. ജിഎംപിസിഎസ് ലൈസന്‍സ്, ഇന്‍ സ്‌പേസ് അംഗീകാരം എന്നിവയുള്ള കമ്പനികള്‍ക്ക് ഉപഗ്രഹ സ്‌പെക്ട്രത്തിനായി അപേക്ഷിക്കാമെന്നാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമത്തിലെ വ്യവസ്ഥയെന്നും സി പി എം അഭിപ്രായപ്പെടുന്നു.
ഈ രണ്ടു നിര്‍ബന്ധ യോഗ്യതകളും ഭാരതി എന്റര്‍പ്രൈസസിന്റെ കമ്പനിയായ വണ്‍വെബ് ഇന്ത്യക്കുമാത്രമാണ് നിലവിലുള്ളത്. ഇതോടെ ഭാരതി ഗ്രൂപ്പിന് ഉപഗ്രഹ സ്പ്‌ക്ടെം ലഭിച്ചു. ഇതിന് പ്രത്യുപകാരമായി 150 കോടിയാണ് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 നവംബറില്‍ 100 കോടിയാണ് ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. പിന്നാലെ ഡിസംബറില്‍ 143 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ഘട്ടത്തില്‍ പുതിയ ടെലികോം ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. പിന്നീട് ജനുവരിയില്‍ 50 കോടിയും ഭാരതി ബിജെപിക്ക് കൈമാറിയെന്നും വെബ്‌സൈറ്റ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നുവെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications