കൊല്ലം കനിഞ്ഞാല്‍ കേരളം ഗള്‍ഫ് പോലെ സമ്പന്നമാകും: ക്രൂഡ് ഓയില്‍ പര്യവേക്ഷണം കേന്ദ്രം ഉടന്‍ ആരംഭിക്കും
ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉപഭോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാമതുമാണ്. എന്നാല്‍ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തില്‍ അധികവും ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന്റെ വിദേശവ്യാപാര കമ്മിയില്‍ നിർണ്ണായക പങ്ക് വഹിക്കുന്നതും ഈ ഇറക്കുമതിയാണ്.
ഇന്ത്യയില്‍ നിന്ന് തന്നെ ക്രൂഡ് ഓയില്‍ ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ സ്വാതന്ത്രിന് മുമ്പ് തന്നെ ആരംഭിച്ചെങ്കിലും നേരിയതോതിലെങ്കിലും വിജയം കണ്ടത് അസമിലും മുംബൈ ഉള്‍പ്പെടേയുള്ള ചില ഓഫ്ഷോർ ഫീല്‍ഡിലുമാണ്. രാജസ്ഥാന്‍ അടക്കമുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നുമുള്ള ഉദ്പാദനം നേരിയ തോതിലാണ്. അതേസമയം തന്നെ രാജ്യത്തിന്റെ കര-ജല അതിർത്തിക്കുള്ളില്‍ എണ്ണ, പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും ശക്തമാണ്.

കേരള തീരത്തും ഇത്തരം പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കൊല്ലം തീരത്തിനോട് ചേർന്ന് വലിയ തോതില്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നാണ് അനുമാനം. കൊല്ലം തീരത്തെ എണ്ണ, പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തുന്നതിനായുള്ള പര്യവേക്ഷണം ജുലായ്, സെപ്റ്റംബർ മാസങ്ങളില്‍ വീണ്ടും ആരംഭിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലത്തെ പര്യവേക്ഷണം സംബന്ധിച്ച് കേന്ദ്ര പെട്രോളിയും സഹമന്ത്രി സുരേഷ് ഗോപി തന്നെ പാർലമെന്റില്‍ നിലപാട് അറിയിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊല്ലം തീരത്തു ഡ്രില്ലിങ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് സുരേഷ് ഗോപി ഈ ഫെബ്രുവരിയില്‍ വ്യക്തമാക്കിയത്.
ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലായിരിക്കും കൊല്ലത്തെ പര്യവേക്ഷണം. കേരളാ കൊങ്കണ്‍ തടത്തിലെ 3519.69 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കെകെ-ഒഎസ്എച്ച്പി-2018 1 എന്ന ബ്ലോക്ക് ഏറ്റെടുത്തിരിക്കുന്നത് ഓയില്‍ ഇന്ത്യ ലിമിറ്റഡാണ്. പ്രാഥമികമായി ഒരു കിണർ കുഴിച്ചുകൊണ്ടായിരിക്കും എണ്ണ സാന്നിധ്യം പരിശോധിക്കുക. 1028 ചതുരശ്ര കിലോമീറ്ററില്‍ സീസ്മിക് പഠനം നടത്തിയതിനു ശേഷമാണു കിണര്‍ കുഴിക്കാനുള്ള സ്ഥലം കണ്ടെത്തിയത്.
രളാ കൊങ്കണ്‍ തടത്തില്‍ 6717.56 ചതുരശ്ര കി.മീ കെകെ-ഒഎസ്എച്ച്പി-2022 1 (ഷാലോ ഓഫ്‌ഷോര്‍) ബ്ലോക്കും 1112.71 ചതുരശ്ര കി.മീ. കെകെ-ഡിഡബ്ല്യുഎച്ച്പി-2022 1 ബ്ലോക്കും ഓയില്‍ ഇന്ത്യ ലിമിറ്റഡിന് പര്യവേക്ഷണത്തിനായി നല്‍കിയിട്ടുണ്ട്. കൊല്ലം തീരത്ത് നിന്നും 30.40 കിലോമീറ്റർ അകലെയായിരിക്കും പര്യവേക്ഷണം നടക്കുകയെന്നാണ് സൂചന. ഓയില്‍ ഇന്ത്യ ഇതു സംബന്ധിച്ചു ടെന്‍ഡര്‍ പുറത്തിറക്കുകയും 2024 ഡിസംബറില്‍ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി പ്രതിനിധികള്‍ തുറമുഖത്ത് എത്തുകയും ചെയ്തിരുന്നു.
റിഗുകളും കപ്പലുകളും എത്തിച്ചായിരിക്കും ആഴക്കടലില്‍ എണ്ണക്കിണർ സ്ഥാപിക്കുക. പര്യവേക്ഷണത്തിനായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് യുകെ ആസ്ഥാനമായ കമ്പനിയുമായി 1287 കോടി രൂപയുടെ കരാറിലും ഒപ്പിട്ടിട്ടുണ്ട്. ഈ കമ്പനിയില്‍ നിന്നും ഉപകരാര്‍ എടുത്ത കമ്പനിയായിരിക്കും കൊല്ലത്തു പ്രവര്‍ത്തനം നടത്തുക. പര്യവേഷണം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള സൗകര്യങ്ങള്‍ കൊല്ലം തുറമുഖത്ത് സജ്ജീകരിച്ച് വരികയാണ്.
കൊല്ലം നഗരത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ, താമസ സൗകര്യത്തിനുള്ള മുന്തിയ ഹോട്ടലുകൾ എന്നിവയുടെ വിവരങ്ങളും നേരത്തെ തന്നെ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. തുറമുഖത്ത് നിന്ന് ആശുപത്രിയിലേക്കുള്ള ദൂരം, ഓരോ ആശുപത്രിയിലെയും ചികിത്സാ സൗകര്യം എന്നിവയും ഷിപ്പിങ് ഏജന്‍സി അന്വേഷിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കൈമാറി.
പര്യവേക്ഷണം വിജയകരമാകുകയാണെങ്കില്‍ അത് കൊല്ലത്തിന്റേയും കേരളത്തിന്റേയും തലവര മാറ്റും. എന്നാല്‍ ലാഭകരമാണെങ്കിലേ പരീക്ഷണങ്ങള്‍ തുടരുകയുള്ളു. കേരള തീരത്ത് ഇത് ആദ്യമായല്ല എണ്ണയുടെ സാന്നിധ്യം പരിശോധിക്കുന്നത്. നേരത്തെ നേരത്തേ കൊച്ചിയിൽ ഒ എ ൻ ജി സിയുടെ തന്നെ നേതൃത്വത്തിൽ പര്യവേക്ഷണം നടത്തിയിരുന്നുവെങ്കിലും ലാഭകരമല്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications