തൃക്കാക്കരയിൽ രണ്ടാമങ്കത്തിന് ഉമ തോമസ് ഇറങ്ങുമോ? സുരക്ഷിത മണ്ഡലം, പാർട്ടി പറയട്ടെയെന്ന് എംഎൽഎ
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കും ആരൊക്കെ മാറി നിൽക്കും എന്നതിനെ കുറിച്ച് എല്ലാ മുന്നണികളിലും സജീവമായി ചർച്ചകൾ നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കുന്നതിനാൽ തന്നെ പൂർണരൂപത്തിലേക്ക് ചർച്ചകൾ കടന്നിട്ടില്ലെങ്കിലും പ്രാഥമിക തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ചില നിർണായക മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നുണ്ട്. കൂടാതെ മുന്നണികൾ ശക്തി കാട്ടുന്ന ഇടങ്ങളുമുണ്ട്.
അക്കൂട്ടത്തിൽ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ തൃക്കാക്കര മണ്ഡലവും ഉൾപ്പെടുന്നു. തൃക്കാക്കരയിൽ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി കോൺഗ്രസ് തന്നെയാണ് വിജയിക്കുന്നത്, മുന്നണിയുടെ വിശാല അർത്ഥത്തിൽ പറയുമ്പോൾ യുഡിഎഫ്. മൂന്ന് വർഷം മുൻപ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും കോൺഗ്രസിനെ തുണച്ച മണ്ഡലമായിരുന്നു ഇത്.

അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ആരാവും ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കൂടുതൽ പേർക്കും അറിയേണ്ടത് നിലവിലെ എംഎൽഎ ഉമാ തോമസ് തന്നെ മണ്ഡലത്തിൽ എത്തുമോ എന്നതാണ്. നേരത്തെ കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ വച്ചുണ്ടായ അപകടത്തിന് ശേഷം ഏറെനാൾ വിശ്രമത്തിൽ ആയിരുന്ന ഉമാ തോമസ് വീണ്ടും മണ്ഡലത്തിൽ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഇതോടെയാണ് ഇക്കുറിയും ഉമാ തോമസിന് നറുക്ക് വീഴുമോ എന്ന ചോദ്യം പ്രധാനമായും പലരും ഉയർത്തുന്നത്. മുൻപ് 2016ൽ സിറ്റിങ് എംഎൽഎ ആയിരുന്ന ബെന്നി ബെഹനാനെ അപ്രതീക്ഷിതമായി മാറ്റി കൊണ്ടാണ് അന്നത്തെ കെപിസിസി അധ്യക്ഷൻ മണ്ഡലത്തിലേക്ക് പിടി തോമസിനെ അവരോധിച്ചത്. അതിന് ശേഷം രണ്ട് വട്ടവും മണ്ഡലത്തിൽ നിന്ന് അദ്ദേഹമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ പിടി തോമസിന്റെ പെട്ടെന്നുള്ള വിയോഗത്തോടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നെത്തുകയായിരുന്നു 2022ൽ. അന്ന് എൽഡിഎഫിന് വേണ്ടി ജോ ജോസഫ് മത്സരത്തിന് ഇറങ്ങിയപ്പോൾ സഹതാപ തരംഗം പിടിച്ചുവാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പിടിയുടെ സഹധർമ്മിണി ഉമയെ യുഡിഎഫ് കളത്തിൽ ഇറക്കിയത്. ആ നീക്കം വമ്പൻ വിജയമായിരുന്നു എന്നാണ് അന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചത്.
ഇരുപത്തിഅയ്യായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ഉമാ തോമസ് വിജയിച്ചു കയറിയത്. കോൺഗ്രസിന്റെ കുടുംബാധിപത്യ രാഷ്ട്രീയം ഉൾപ്പെടെ ഇടത് മുന്നണി പ്രചാരണ ആയുധമാക്കിയെങ്കിലും വിജയം യുഡിഎഫിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ ഇത്തവണ കൂടി മണ്ഡലത്തിൽ ഉമാ തോമസിനെ പരിഗണിക്കുമോ എന്നതാണ് കൂടുതലായും ഉയരുന്ന ചോദ്യം.
എന്നാൽ ഒരു വിഭാഗം പറയുന്നത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലും കൊച്ചിയിലും ആകെ യുഡിഎഫിന് അനുകൂല തരംഗം ആയതിനാൽ വിജയം കൂടുതൽ എളുപ്പമാണ് എന്നാണ്. അങ്ങനെയെങ്കിൽ ഉമാ തോമസിനെ തന്നെ പരിഗണിക്കണം എന്നില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകൾ കൂടി ഉൾപ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം.
അതിനിടെ മത്സര രംഗത്ത് ഉണ്ടാവുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് പറയേണ്ടതെന്നാണ് ഉമാ തോമസ് എംഎൽഎയുടെ മറുപടി. പാർട്ടി പറയുകയാണെങ്കിൽ, ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാൻ താൻ സന്നദ്ധയാണ് എന്നതാണ് ഇതിലൂടെ അവർ നൽകുന്ന സൂചന. എങ്കിലും ഇത്തവണ എളുപ്പം ജയിച്ചു കയറാവുന്ന സീറ്റുകളിൽ ഒന്നായ തൃക്കാക്കരയ്ക്ക് കോൺഗ്രസിൽ നിന്ന് ആവശ്യക്കാർ ഏറെയുണ്ടാവും എന്നുറപ്പാണ്.












Click it and Unblock the Notifications