ജി സുധാകരനെതിരെ പരാതി; മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിക്കാരി
ആലപ്പുഴ: മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയും ആയ ജി സുധാകരന് എതിരെ പോലീസില്‍ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതും വര്‍ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കാവുന്ന തരത്തിലുള്ളതും ആയ പരാമര്‍ശങ്ങള്‍ മന്ത്രി നടത്തി എന്നാണ് പരാതി.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. ജി സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന വ്യക്തിയുടെ ഭാര്യ ആണ് പരാതിക്കാരി എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ഇവര്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയാണെന്നുകൂടി വാര്‍ത്തകള്‍ പുറത്ത് വരുന്നു.

വാർത്താ സമ്മേളനത്തിൽ
കഴിഞ്ഞ ദിവസം ജി സുധാകരന്‍ ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അതില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്തായാലും വരും ദിവസങ്ങളില്‍ ഇത് ആലപ്പുഴയിലെ സിപിഎമ്മില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

പരാതിക്ക് പിന്നിൽ
ഇപ്പോഴുയരുന്ന പരാതിക്ക് പിന്നില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. പരാതിക്കാരിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടതാണത്. പരാതിക്കാരിയെ വിവാഹം കഴിച്ചതിന് പിറകെ ആയിരുന്നു ഇയാളെ മന്ത്രി തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് ആക്ഷേപം. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇത്. എന്തായാലും ഇത് സംബന്ധിച്ച് മറ്റ് സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

വിവാദങ്ങൾ
എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരന്‍. എന്നാല്‍ പരാമര്‍ശങ്ങളുടെ പേരില്‍ ഏറ്റവും അധികം വിവാദത്തിലായ മന്ത്രിമാരില്‍ ഒരാളും ജി സുധാകരന്‍ തന്നെയാണ്. അരൂര്‍ ഉപതിരഞ്ഞെടുപ്പിനെതിരെ ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

മത്സരിപ്പിച്ചില്ല
ഇത്തവണ ജി സുധാകരൻ മത്സര രംഗത്തുണ്ടായിരുന്നില്ല. രണ്ട് ടേം നിബന്ധന നിർബന്ധമാക്കിയതോടെ ആണ് സുധാകരൻ സ്ഥാനാർത്ഥി പട്ടികയ്ക്ക് പുറത്ത് പോയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം സജീവമായി ഇടപെട്ടില്ലെന്ന രീതിയിൽ ഒരു ആക്ഷേപവും ഉയർന്നിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായാണ് സുധാകരൻ രംഗത്ത് വന്നത്. താൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടികളുടെ പട്ടിക ഉയർത്തിയായിരുന്നു പ്രതിരോധം. തനിക്കെതിരെ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നവർ പൊളിറ്റിക്കൽ ക്രിമിനലുകൾ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ
ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനുള്ളിൽ വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് എന്നും വിലയിരുത്തലുകളുണ്ട്. 2016 ൽ നേടിയ വിജയം ഇത്തവണ ജില്ലയിൽ ആവർത്തിക്കാൻ സിപിഎമ്മിന് ആവില്ലെന്നാണ് പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത്.

പ്രതികരണം
എന്തായാലും ഇപ്പോഴുയർന്ന പരാതിയെ കുറിച്ചുള്ള ജി സുധാകരന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്പ് ആലപ്പുഴയിലെ പാർട്ടിയിലെ പ്രശ്നങ്ങൾ വീണ്ടും ചർച്ചായാകുന്നതിൽ സിപിഎമ്മിനും താത്പര്യമില്ല.












Click it and Unblock the Notifications