പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം? ബോധപൂര്‍വം മറക്കുന്ന അനീതി, സിപിഎമ്മിനെ തോല്‍പ്പിക്കുന്ന ബിജെപി
വനിതാ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ എമ്പാടുമുണ്ട് കേരളത്തില്‍. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വനിതകള്‍ എത്തേണ്ടതിന്റെ ആവശ്യകത ഊന്നി പ്രസംഗക്കുന്നവരും ഏറെ. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലും ചുറ്റുപാടും എത്ര വനിതകള്‍ ജനപ്രതിനിധികളായുണ്ട് എന്ന ചോദ്യം വന്നാല്‍ മുഖം താഴ്ത്തുകയേ തരമുള്ളൂ.
ഭരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം ജാജ്വല്യമാര്‍ന്ന സാന്നിധ്യം വനിതകള്‍ അറിയിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയായിരിക്കെ ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും നടപ്പാക്കിയ ഗൗരിയമ്മ മുതല്‍ ആരോഗ്യ രംഗത്ത് ആഗോള തലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ കെകെ ശൈലജ വരെ ഇക്കൂട്ടത്തിലുണ്ട്.

എന്നിട്ടും എന്തേ വനിതകള്‍ എംഎല്‍എയും എംപിമാരും ആകുന്നതില്‍ പിന്നാക്കം പോയി എന്ന ചോദ്യത്തിന് രാഷ്ട്രീയ കേരളത്തിന് കൃത്യമായ മറുപടിയില്ല. ഐക്യകേരളത്തിന് ഇതുവരെ 11 വനിതാ മന്ത്രിമാരേ ഉണ്ടായിട്ടുള്ളൂ. ഇതില്‍ പിണറായി വിജയന്‍ രണ്ടാമത് മുഖ്യമന്ത്രിയായ നിലവിലെ മന്ത്രിസഭയിലാണ് ആദ്യമായി മൂന്ന് പേര്‍ക്ക് അവസരം ലഭിച്ചത് എന്നതും എടുത്തു പറയണം.
കെആര്‍ ഗൗരിയമ്മ, എം കമലം, എംടി പത്മ, സുശീലാ ഗോപാലന്‍, പികെ ശ്രീമതി, പികെ ജയലക്ഷ്മി, കെകെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, വീണ ജോര്‍ജ്, ആര്‍ ബിന്ദു, ചിഞ്ചു റാണി... കേരളത്തില്‍ മന്ത്രിമാരായ വനിതകളുടെ പട്ടിക ഇവിടെ നില്‍ക്കുന്നു. നിലവിലെ 140 എംഎല്‍എമാരില്‍ 12 പേര്‍ മാത്രമാണ് വനിതകള്‍. പത്ത് ശതമാനം പോലുമില്ല എന്ന് ചുരുക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പികെ ജയലക്ഷ്മിയും പത്മജ വേണുഗോപാലും ബിന്ദു കൃഷ്ണയും ഉള്‍പ്പെടെ 12 വനിതകളെ യുഡിഎഫ് മല്‍സരിപ്പിച്ചെങ്കിലും ജയിച്ചത് കെകെ രമ മാത്രം. ഉപതിരഞ്ഞെടുപ്പിലൂടെ പിന്നീട് ഉമാ തോമസും സഭയിലെത്തി. 25 വര്‍ഷത്തിന് ശേഷം നൂര്‍ബിന റഷീദിലൂടെ മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥി എന്ന പരീക്ഷണം നടത്തിയെങ്കിലും തോറ്റു. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ 20 വനിതകളെ ബിജെപി മല്‍സരിപ്പിച്ചെങ്കിലും എല്ലാവരും വീണു.

15 വനിതകളെ എല്‍ഡിഎഫ് മല്‍സരിപ്പിച്ചിരുന്നു. കെകെ ശൈലജ, വീണ ജോര്‍ജ്, ആര്‍ ബിന്ദു, യു പ്രതിഭ, കാനത്തില്‍ ജമീല, ചിഞ്ചുറാണി, ഒഎസ് അംബിക, കെ ശാന്തകുമാരി, ദലീമ ജോജോ, സികെ ആശ എന്നിവരാണ് ജയിച്ചത്. വീണ ജോര്‍ജ്, ആര്‍ ബിന്ദു, ചിഞ്ചുറാണി എന്നിവര്‍ മന്ത്രിമാരായി.
മുസ്ലിം വനിതകളുടെ പ്രാതിനിധ്യമില്ലായ്മയും എടുത്തു പറയേണ്ടതാണ്. സിപിഐയിലെ കെഒ ആയിഷ ഭായി, കോണ്‍ഗ്രസിലെ എ നഫീസത്ത് ബീവി, സിപിഎം സ്വതന്ത്ര എ നബീസ ഉമ്മാള്‍, സിപിഎമ്മിലെ കെഎസ് സലീഖ, കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍, സിപിഎമ്മിലെ കാനത്തില്‍ ജമീല എന്നിവരാണ് കേരളത്തില്‍ ഇതുവരെ എംഎല്‍എമാരായ മുസ്ലിം വനിതകള്‍.

കേരളത്തില്‍ എന്തുകൊണ്ട് വനിതാ മുഖ്യമന്ത്രിയില്ല എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നതാണ്. 1987ല്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞിരുന്നു. അപ്രതീക്ഷിതമായി ആ കസേരയില്‍ ഇരിപ്പുറപ്പിച്ചു ഇകെ നായനാര്‍. അതോടെ പുതുയുഗപ്പിറവിയുടെ സാധ്യത തല്ലിക്കെടുത്തപ്പെട്ടു. ജനകീയ മന്ത്രി എന്ന വിശേഷണം ലഭിച്ച കെകെ ശൈലജയിലൂടെ 2021ല്‍ വീണ്ടും വനിതാ മുഖ്യമന്ത്രി ചര്‍ച്ചയായെങ്കിലും പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയാണ് എല്ലാം എന്ന ഒറ്റവരി മറുപടിയില്‍ ചോദ്യങ്ങള്‍ തഴയപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജനവിധി തേടിയത് 11 വനിതകള്‍ മാത്രമാണ്. മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളായത് 9 പേര്‍. സിപിഎം 2, സിപിഐ 1, കോണ്‍ഗ്രസ് ഒന്ന്, ബിജെപി 4, ബിഡിജെഎസ് 1 എന്നിങ്ങനെയാണ് വനിതകളുടെ നിര. തിരുവനന്തപുരത്തും കൊല്ലത്തും എസ്‌യുസിഐ വനിതകളെ മല്‍സരിപ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍ ഒരാള്‍ പോലും ഡല്‍ഹിയിലേക്ക് വണ്ടി കയറിയില്ല. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിയാണ് മുന്നില്‍ എന്ന് കണക്കുകളില്‍ വ്യക്തം. 33 ശതമാനം സംവരണം നടപ്പാകുന്നതോടെ മാറ്റം പ്രത്യാശിക്കാം.

പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം എന്ന് നിയമസഭയില്‍ കെകെ ശൈലജ ഉന്നയിച്ച ചോദ്യം ഏതാനും വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കെഎം ഷാജിയുടെ ഒരു പരാമര്‍ശനത്തിന് മറുപടി പറയുമ്പോഴായിരുന്നു ശൈലജയുടെ വാക്കുകള്‍. തൊട്ടടുത്ത തമിഴ്‌നാട് മുതല്‍ രാജ്യതലസ്ഥാമായ ഡല്‍ഹി വരെ വനിതാ മുഖ്യമന്ത്രിക്ക് കസേര ഇട്ടുകൊടുത്തിട്ടുണ്ടെങ്കിലും വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന മലയാളിക്ക് വനിതാ മുഖ്യമന്ത്രിയെ ഇപ്പോഴും ദഹിച്ച മട്ടില്ല. മറ്റൊരു വനിതാ ദിനം കൂടി വരുമ്പോള്‍ കാലിക പ്രസക്തമായ വിഷയമായി ഇക്കാര്യം കൂടി ആഴത്തില്‍ ചര്‍ച്ചയാകണം.












Click it and Unblock the Notifications