'ആരോപണങ്ങൾ നിങ്ങൾക്കുള്ള തീറ്റ, വലിയ സംവിധാനത്തെ തകിടം മറിക്കുന്നു'; കയർത്ത് സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിലെ താരങ്ങൾക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളെ സംബന്ധിച്ച് ചോദ്യത്തിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇപ്പോൾ ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്നും ഇക്കാര്യത്തിൽ കോടതി ഉചിതമായ തീരുമാനമെടുകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'മാധ്യമങ്ങൾക്ക് ഇത് തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു കുഴപ്പവുമില്ല. പക്ഷെ വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്.ഈ വിഷയങ്ങൾ കോടതിക്ക് മുന്നിലാണ്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. അതിന് അനുസരിച്ച് അവർ തീരുമാനിക്കട്ടെ. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. മാധ്യങ്ങളാണോ കോടതി', സുരേഷ് ഗോപി പറഞ്ഞു.

ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സുരേഷ് ഗോപിയോടുള്ള ചോദ്യം. ഇതിനും അദ്ദേഹം മാധ്യമങ്ങളോട് കയർത്തു. 'ഞാൻ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. അപ്പോൾ അവിടുത്തെ കാര്യമാണ് ചോദിക്കേണ്ടത്. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ഓഫീസിലേയും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വീട്ടിലെ കാര്യങ്ങളുമാണ് ചോദിക്കേണ്ടത്. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവിടെ നിന്ന് ഞാൻ ഇറങ്ങി വരുമ്പോൾ ചോദിക്കണം, സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽപേർക്കെതിരെ ആരോപണങ്ങളുമായി നിരവധി വനിതാ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടനും എം എൽ എയുമായ മുകേഷ്, സിദ്ധിഖ്, ബാബു രാജ്, മണിയൻ പിള്ള രാജു, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കെതിരെയാണ് ആരോപണം ഉയർന്നത്. അതിനിടെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്. സമാനരീതിയിൽ ആരോപണം ഉയർന്നപ്പോൾ യു ഡി എഫ് എം എൽ എമാർ രാജിവെച്ചിട്ടില്ലെന്നാണ് സി പി എം ചൂണ്ടിക്കാട്ടുന്നത്.അതേസമയം ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നും മുകേഷിനെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെ താരസംഘടനയായ അമ്മയിലും പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. ആരോപണവിധേയരെ മാറ്റി നിർത്തണമെന്ന ആവശ്യം ഒരു വിഭാഗം താരങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോപണം ഉയർന്നപ്പോൾ സിദ്ധിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട ബാബു രാജിനെതിരേയും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹവും മാറി നിൽക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications