യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; ആപ്പ് നിർമ്മിച്ചവരിൽ ഒരാൾ കൂടി പിടിയിൽ
കാസർഗോഡ്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിര്‍മ്മിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. വ്യാജ തിരിച്ചറിയൽ കാർഡ് നിര്‍മ്മിക്കാനുള്ള 'ആപ്പ്' നിര്‍മ്മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് പോലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ജയ്‌സണെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
സിആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പോലീസാണ് രാകേഷിനെ പിടികൂടിയത്. നേരത്തെ പിടിയിലായ ജെയ്‌സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് മുഖ്യപ്രതിയായ ജെയ്‌സണ്‍ മുകളേൽ. താനാണ് ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇയാൾ മൊഴി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നും ഇയാൾ നൽകിയ മൊഴിയിൽ പറയുന്നു.
കേസില്‍ നേരത്തെ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു, വികാസ് കൃഷ്‌ണൻ എന്നിവരയെയായിരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമായിരുന്നു കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിലും പോലീസ് കേസെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിഷയം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടം വിജയിച്ച് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു വ്യാജ ഐഡി കാർഡ് വിവാദം കത്തിപ്പടർന്നത്.












Click it and Unblock the Notifications