'അവർക്കിഷ്ടപ്പെട്ട പുരുഷനെ ചിലപ്പോ സ്നേഹിക്കും വിവാഹം കഴിക്കും', വർഗ്ഗീയവിഷം വിളമ്പുന്നവർക്ക് മറുപടി
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവും ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ ഈഴവര്‍ക്ക് എതിരായ ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളായി ചൂട് പിടിച്ച ചര്‍ച്ചയാണ്. മയക്കുമരുന്ന് നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നു എന്നുളള ആരോപണമാണ് പാലാ ബിഷപ്പ് ഉന്നയിച്ചിരുന്നത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ ചെറുപ്പക്കാര്‍ പ്രണയിച്ച് തട്ടിക്കൊണ്ട് പോകുന്നുവെന്നും അതിനായി അവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു എന്നുമാണ് ഫാദര്‍ റോയ് കണ്ണന്‍ചിറ ആരോപിച്ചത്. ഇത്തരം ആരോപണങ്ങളില്‍ മറുവശത്ത് നില്‍ക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കാര്യമായി ഇവയോട് പ്രതികരിച്ച് മുന്നോട്ട് വരുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് അത്തരം ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ്.

താര ടോജോ അലക്സിന്റെ കുറിപ്പ് ഇങ്ങനെ: '' ലൗ - നാർക്കോട്ടിക് ജിഹാദ് പരാമർശങ്ങളോട് പ്രതികരിക്കാത്ത മലയാളി ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ആത്മാഭിമാനമില്ല എന്ന് അലമുറയിടുന്നവരോട്: കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവരാണ് ക്രിസ്ത്യൻ പെൺകുട്ടികൾ. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനാൽ നല്ലരു ശതമാനം സ്ത്രീകൾ ഡോക്ടർ ആയും, നഴ്സ് ആയും ടീച്ചർ ആയും എൻജിനീയർ ആയും സാമുഹ്യ സേവകരായും നമ്മുടെ രാജ്യത്തും വിദേശത്തും സ്വന്തം കാലിൽ നിൽക്കുന്നുണ്ട്.

നന്നായി അധ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന കേരളത്തിലെ ഏറ്റവും മിടുക്കരായ സ്ത്രീ സമൂഹമാണ് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളത്. അവർക്കിഷ്ടപ്പെട്ട പുരുഷൻ, അതിപ്പോ ആരായാലും എവിടെയായാലും ഇപ്പോഴായാലും അവർ ചിലപ്പോ സ്നേഹിക്കും വിവാഹം കഴിക്കും. ഇനി വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് അഭികാമ്യം എന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

കാരണം അവർ ആത്മാഭിമാനത്തോടെ, സ്വതബോധത്തോടെ അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവർ ആണ്. അത് കൊണ്ട് നാട്ടിലെ സമാധാനം കെടുത്താൻ ശാഖയിലും മേടയിലും ഇരുന്ന് വർഗ്ഗീയ വിഷം വിളമ്പുന്ന ചിലരുടെയും കുത്തിതിരുപ്പ് യൂട്യുബർമാരുടെയും കമൻ്റ് ജീവികളുടെയും കിറിക്ക് നോക്കി ഇരുന്ന് മറുപടി നൽകേണ്ട ആവശ്യവും സമയവും അവർക്കുണ്ടാകില്ല. അവർക്കൊക്കെ ഇഷ്ട്ടം പോലെ ജോലിയുണ്ട്''.

നാർക്കോടിക് ജിഹാദ് അടക്കമുളള വിഷയങ്ങളിൽ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രതികരിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തക സുനിത ദേവദാസ് അടക്കമുളളവർ വിമർശനം ഉന്നയിച്ചിരുന്നു. കുറിപ്പ് ഇങ്ങനെ: '' ഈ ലോകത്ത് ഏറ്റവും ആത്മാഭിമാനമില്ലാത്ത മനുഷ്യർ ആരാ? എന്താ സംശയം, മലയാളി ക്രിസ്ത്യാനി പെൺകുട്ടികൾ. ഓരൊരുത്തർ അവരെക്കുറിച്ച് ഇത്രയേറെ തോന്ന്യാസവും അപവാദവും പറഞ്ഞിട്ടും ഒരെണ്ണം പോലും വാ തുറന്ന് മിണ്ടുകയോ ആരോപണം നിഷേധിക്കുകയോ ചെയ്യുന്നില്ല. അവസ്ഥ''

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ''പള്ളിമേടക്കകത്ത് സഭാവിശ്വാസികൾ ജാഗ്രത പാലിക്കേണ്ട ഒരു വിഷയത്തെ കുറിച്ചു സംസാരിച്ചതിനു ബിഷപ്പിനെ കുരിശിലേറ്റുകയാണ്. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സർക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദർശിച്ചത് സർക്കാർ നിലപാടല്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണ്'' എന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ നാർക്കോട്ടിക് ജിഹാദിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications